കാസര്‍കോട്: മംഗൽപ്പാടി പഞ്ചായത്തിന്റെ കുബണൂരിലെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വിവരത്തെ തുടര്‍ന്ന് ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള 15 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി പത്ത് മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.
ഒരു പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാലിന്യസംസ്‌കരണശാല കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സംഭവ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ലാ കളക്ടര്‍ കെ.ഇമ്പ ശേഖറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്നു. സ്ഥിതിഗതികള്‍ നിയന്തണ വിധേയമാണെന്ന് യോഗം വിലയിരുത്തി. ആവശ്യമെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് പരിശോധിക്കാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
മാസ്‌ക് ഉള്‍പ്പടെയുള്ള അടിയന്തര സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ തഹസില്‍ദാറിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി