കൊതുകു ശല്യം കാരണം വലഞ്ഞിരിക്കുകയാണ് പൂനെ നിവാസികള്‍. പൂനെയിലെ ഖരാഡിയിലെ മുത നദിക്ക് സമീപമാണ് കൊതുകിന്റെ അതിപ്രസരം. ചുഴലിക്കാറ്റിന്റെ രൂപത്തില്‍ കൊതുകുകള്‍ പറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്ദ്വ, കേശവ് നഗര്‍, ഖരഡി പ്രദേശങ്ങളില്‍ നിന്നും പകര്‍ത്തിയ വീഡിയോകളില്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന കൊതുകുകളെ കാണാം.
കൊതുക് ഭീഷണി കാരണം അസഹനീയമായ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വീട്ടിലെ ജനലുകള്‍ പോലും തുറക്കാന്‍ സാധിക്കുന്നില്ല. കുട്ടികള്‍ക്ക് പുറത്തിറങ്ങാനോ പാര്‍ക്കുകളിലോ കളിസ്ഥലങ്ങളിലോ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അവര്‍ പറയുന്നു. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്തുത സ്ഥലം വൃത്തിയാക്കണമെന്നും താമസക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ വരുത്താന്‍ സാധ്യതയുള്ള കൊതുകുകളുടെ പ്രജനനം സാധ്യമാകുന്ന സ്ഥലമാണിതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
മൂല-മുത നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് കൊതുകുശല്യം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പ് തന്നെ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികമായ വെള്ളം കളയാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും കൊതുകുശല്യം അനിയന്ത്രിതമായി തുടരുകയാണ്. അംബരചുംബികളായ കെട്ടിടങ്ങള്‍, ഐടി പാര്‍ക്ക് പരിസരം, സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍, വൃദ്ധ സദനങ്ങള്‍, ശ്മശാനങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങിയവയെ ബാധിക്കുന്ന തരത്തില്‍ നദീതടത്തിലെ സ്ഥിതി വളരെ മോശമാണ്.
Thanks @PMCPune for giving Valentine gift of Mosquitoes Tornado to Keshav Nagar Pune Residents in return to their timely municipality tax payments.#Justiceforkeshavnagar @ThePuneMirror @CMOMaharashtra @PMOIndia @PuneCivic @eshan_tupe @eshan_tupe @WagholiHSA @ShivSenaUBT_ pic.twitter.com/iQxSb5tj8Y
— Rakesh Nayak (@Rakesh4Nayak) February 8, 2024