കീഴടങ്ങിയിട്ട് പതിനഞ്ചു ദിവസം; ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി

0
144

ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ. സുപ്രീംകോടതി ഉത്തരവു പ്രകാരം ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളിലാണ് ദഹോഡിലെ രൺധിക്പൂർ സ്വദേശി പ്രതീപ് മോധിയയ്ക്ക് ഗുജറാത്ത് ഹൈക്കോടതി പരോൾ അനുവദിച്ചിരിക്കുന്നത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളിൽ പങ്കെടുക്കാൻ അഞ്ചു ദിവസത്തേക്കാണ് പരോൾ.

ജയിലിൽ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതും കോടതി നിർദേശം അനുസരിച്ച് സമയത്ത് ജയിലിൽ തിരികെയെത്തിയതും പരോൾ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് എംആർ മെൻഗ്‌ദേയാണ് ഇയാളുടെ പരോൾ അപേക്ഷ പരിഗണിച്ചത്. മുപ്പത് ദിവസത്തെ പരോളാണ് മോധിയ ആവശ്യപ്പെട്ടിരുന്നത്.

സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് ജനുവരി 21ന് അർധരാത്രിയാണ് ബിൽക്കീസ് ബാനു പ്രതികൾ ഗോധ്ര സബ് ജയിലിൽ കീഴടങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഇടക്കാലത്ത് മോചിപ്പിച്ച ഗുജറാത്ത് ഗവൺമെന്റിന്റെ തീരുമാനം റദ്ദാക്കിയിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി. 1992ലെ ജയിൽ ശിക്ഷയിൽ ഇളവു കൊടുക്കൽ നയപ്രകാരം 2022 മെയിലാണ് പ്രതികളെ സംസ്ഥാന സർക്കാർ വിട്ടയച്ചിരുന്നത്. ഇതിനെതിരെ ബിൽക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ബിൽക്കീസ് ബാനു കേസിൽ 2008 ജനുവരി മുതൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോധിയ 1041 ദിവസം പരോളിലായിരുന്നു എന്ന് നേരത്തെ സുപ്രീംകോടതിയിൽ ഗുജറാത്ത് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. 223 ദിവസം മറ്റു അവധികളും ഇയാൾക്ക് അനുവദിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here