ഹല്‍ദ്വാനിയില്‍ മദ്‌റസ തകര്‍ത്തതില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവയ്പ്പ്, ആറു പേര്‍ കൊല്ലപ്പെട്ടു, സംഘര്‍ഷത്തില്‍ 250 ഓളം പേര്‍ക്ക് പരുക്ക്, നിരോധനാജ്ഞ

0
63

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിയമവിരുദ്ധമെന്ന് ആരോപിച്ച് മദ്‌റസ തകര്‍ത്തതിനെതിരേ പ്രതിഷേധിച്ച ആറു പേരെ പൊലിസ് വെടിവച്ചുകൊന്നു. പൊലിസുകാര്‍ ഉള്‍പ്പെടെ 250 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വെടിയുതിര്‍ത്തത്. മെഷിന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ് പൊലിസ് വെടിവച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ചതാണ് എന്നാരോപിച്ചാണ് ഹല്‍ദ്വാനി മുനിസിപ്പല്‍ അധികൃതര്‍ മദ്‌റസ തകര്‍ത്തത്.

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ബുധനാഴ്ച പാസ്സാക്കിയ ഏകസിവില്‍കോഡിനെതിരേ മുസ് ലിംകള്‍ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തിവരുന്നതിനിടെയാണ് മുസ് ലിം ഭൂരിപക്ഷപ്രദേശമായ ഹല്‍ദ്വാനിലേക്ക് ബുള്‍ഡോസറുമായി ഹല്‍ദ്വാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ മദ്‌റസ തകര്‍ക്കാനെത്തിയത്. തകര്‍ക്കല്‍ നടപടി ചെറുക്കാന്‍ ശ്രമിച്ചതോടെ പ്രക്ഷോഭകരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

കഴിഞ്ഞവര്‍ഷം ഹല്‍ദ്വാനില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം സുപ്രിംകോടതി തടഞ്ഞിരുന്നു. റെയില്‍വേ വികസനത്തിന്റെ പേരില്‍ 4,500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. 95 ശതമാനത്തിലധികം മുസ് ലിംകള്‍ താമസിക്കുന്ന ഇടമാണ് ഹല്‍ദ്വാനി.

 

LEAVE A REPLY

Please enter your comment!
Please enter your name here