ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല, ഇന്ത്യാ ടുഡെ – സി വോട്ടർ സർവേ പുറത്ത്‌

0
249

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം കേരളത്തിലോ തമിഴ്‌നാട്ടിലോ അക്കൗണ്ട് തുറക്കില്ലെന്ന് സർവേഫലം. ഇന്ത്യ ടുഡെ – സി വോട്ടർ ടീം നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയിലാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് ഫലം പുറത്തുവന്നത്.

കേരളത്തിലെ 20 സീറ്റുകളിൽ 20 ഉം ‘ഇന്ത്യ’ ബ്ലോക്ക്‌ നേടുമെന്നാണ് സർവേഫലം. എന്നാല്‍ ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്ന കേരളത്തില്‍ കൂടുതല്‍ സീറ്റ് ആരു നേടുമെന്ന് സര്‍വേയില്‍ പറയുന്നില്ല.

തമിഴ്‌നാട്ടിലും എൻഡിഎ സഖ്യം അക്കൗണ്ട് തുറക്കില്ലെന്നാണ് സർവേ പറയുന്നത്. 39 ൽ 39 സീറ്റുകളും ‘ഇന്ത്യ’ സഖ്യം നേടുമെന്നാണ് സർവേഫലം. തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യത്തിന് 47 ശതമാനം വോട്ടും മറ്റുള്ളവർക്ക് 38 ശതമാനം വോട്ടുകളും ലഭിക്കുമ്പോൾ എൻഡിഎയ്ക്ക്‌ 15 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുള്ളുവെന്നും സർവേയിൽ പറയുന്നു.

അതേസമയം കർണാടകയിൽ 24 സീറ്റുകൾ എൻഡിഎക്ക് ലഭിക്കുമെന്നാണ് സർവേഫലം പറയുന്നത്. നാല് സീറ്റുകള്‍ മാത്രമേ ഇന്ത്യ സഖ്യത്തിനു ലഭിക്കൂയെന്നും സര്‍വേ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിൽ 80 സീറ്റുകളിൽ 72 സീറ്റുകൾ എൻഡിഎ സഖ്യം നേടുമെന്നും ഇന്ത്യ സഖ്യം 8 സീറ്റുകൾ മാത്രമേ നേടൂകയുള്ളുവെന്നുമാണ് പ്രവചനം. ബിജെപി 70 സീറ്റും അപ്‌നാദൾ 2 സീറ്റും കോൺഗ്രസ് ഒരു സീറ്റും നേടും. സമാജ്‌വാദി പാർട്ടി 7 സീറ്റുകളായിരിക്കും നേടുകയെന്നും സര്‍വേഫലം പറയുന്നു. 2023 ഡിസംബർ 15 നും 2024 ജനുവരി 28 നും ഇടയിലാണ്‌ സർവേ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here