കോഴിക്കോട്: ഗോഡ്സെ അനുകൂല കമന്റിട്ട അധ്യാപിക ഷീജ ആണ്ടവനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കി എസ്.എഫ്.ഐ. പ്രതിഷേധത്തിന്റെ ഭാഗമായി ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയാണെന്ന ബാനർ എൻ.ഐ.ടി കാമ്പസിൽ എസ്.എഫ്.ഐ ഉയർത്തി. എസ്.എഫ്.ഐ കോഴിക്കോട് എന്ന പേരിലാണ് ബാനർ.
ഗോഡ്സെ അനുകൂല കമന്റിട്ട അധ്യാപികക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. ഷൈജ ആണ്ടവൻ താമസിക്കുന്ന വീടിന് മുന്നിൽ ഫ്ലെക്സ് വെച്ചായിരുന്നു പ്രതിഷേധം. ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്.
ഗാന്ധിജിയുടെ ചരമവാർഷിക ദിനമായ ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു’) എന്നായിരുന്നു കമന്റ്.
‘ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു. അധ്യാപികയിൽ നിന്നും വിശദീകരണം തേടാൻ രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എൻ.ഐ.ടി ഡയറക്ടറും അറിയിച്ചു.