അയോധ്യയിലെ മസ്ജിദ് നിർമാണം: മക്കയിൽ കൊണ്ടുപോയ ആദ്യ ഇഷ്ടിക തിരികെ മുംബൈയിലെത്തിച്ചു

0
235

മുംബൈ: കോടതി വിധി പ്രകാരം അയോധ്യയിൽ നിർമിക്കാനൊരുങ്ങുന്ന മസ്ജിദിന്‍റെ ആദ്യ ഇഷ്ടിക മക്കയിൽ നിന്നും മുംബൈയിലെത്തിച്ചു. മുംബൈയിൽ നിന്ന് കൊണ്ടുപോയ ഇഷ്ടിക മക്ക, മദീന എന്നിവിടങ്ങളിൽ കൊണ്ടുപോയ ശേഷമാണ് തിരികെയെത്തിച്ചിരിക്കുന്നത്. ഖുർആൻ വചനങ്ങളും മസ്ജിദിന്‍റെ പേരും കൊത്തിയ ഇഷ്ടിക അയോധ്യയിൽ മസ്ജിദ് നിർമിക്കുന്ന ധാന്നിപൂർ ഗ്രാമത്തിലേക്ക് റമദാന് ശേഷം കൊണ്ടുപോകും.

പള്ളിയുടെ നിർമാണ ചുമതലയുള്ള ഇൻഡോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷനിലെ അംഗമായ ഹാജി അറഫാത് ശൈഖിന്‍റെ വീട്ടിൽ നിന്ന് ഘോഷയാത്രയായാണ് ഇഷ്ടിക അയോധ്യയിലേക്ക് കൊണ്ടുപോകുക. ആറ് ദിവസത്തെ യാത്രക്കൊടുവിൽ ആദ്യ ഇഷ്ടിക മസ്ജിദ് നിർമാണസ്ഥലത്തെത്തിക്കും. ഇതിന്‍റെ യാത്രാറൂട്ട് പിന്നീട് നിശ്ചയിക്കും. മക്കയിലെ സംസം വെള്ളവും മദീനയിലെ അത്തറും ഇഷ്ടികയിൽ തളിച്ചതായി ഹാജി അറഫാത് ശൈഖ് അറിയിച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവാണ് അറഫാത്ത് ശൈഖ്.

മസ്ജിദിന്റെ നിർമാണം ഈ വർഷം മേയിൽ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സംഘ്പരിവാർ തകർത്ത ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്ത വിധിന്യായത്തിൽ സു​പ്രീം കോടതി നി​ർദേശമനുസരിച്ചത് നൽകിയ അ​ഞ്ചേക്കർ ഭൂമിയിലാണ് പള്ളി പണിയുക. അയോധ്യയി​ൽനിന്ന് 25 കിലോമീറ്റർ അകലെയാണ് പള്ളി പണിയുന്ന ധാന്നിപൂർ ഗ്രാമം.

രാമക്ഷേത്ര നിർമാണത്തിന് ഫണ്ട് സ്വരൂപിച്ച അതേ മാതൃകയിൽ പൊതുജനങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിച്ചാവും പള്ളിയുടെയും നിർമാണമെന്ന് ഇൻഡോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.​ഐ.സി.എഫ്) ചീഫ് ട്രസ്റ്റിയായ സഫർ അഹ്മദ് ഫാറൂഖ് അറിയിച്ചിരുന്നു.

40,000 ചതുരശ്ര അടിയിലാകും പള്ളിയുടെ നിർമാണം. നേരത്തേ 15,000 ചതുരശ്ര അടിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. പരമ്പരാഗത ഇന്ത്യൻ മസ്ജിദുകളുടെ മാതൃകയിൽനിന്ന് പ്രചോദനമുൾക്കൊണ്ടുള്ള മാതൃകകളായിരുന്നു തുടക്കത്തിൽ പരിഗണനയിൽ. എന്നാൽ, പിന്നീടതുമാറ്റി നവീന രീതിയിലുള്ള രൂപകൽപനയിലാകും പള്ളിയുടെ നിർമാണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പള്ളിയുടെ പുതിയ വെബ്സൈറ്റ് ഫെബ്രുവരി 29ന് ലോഞ്ച് ചെയ്യുമെന്ന് നിർമാണ കമ്മിറ്റി അറിയിച്ചു. വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് സംഭാവന നൽകാനാകും. പള്ളിയോടനുബന്ധിച്ച് അർബുദ ആശുപത്രി, വയോജന കേന്ദ്രം, വെജിറ്റേറിയൻ ഭക്ഷണകേന്ദ്രം എന്നിവ പണിയാൻ പദ്ധതിയുണ്ടെന്ന് ഹാജി അറഫാത് ശൈഖ് പറഞ്ഞു. സംഭാവനകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here