കാസര്‍കോട്: യുവാവിനെ ഗള്‍ഫില്‍ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. പൈവളിഗെ സ്വദേശിയും ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂര്‍ഷ (33)യാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നൂര്‍ഷയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നൂര്‍ഷയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
2022 ജൂണ്‍ 26 ന് പുത്തിഗെ, മുഗുവിലെ പ്രവാസി അബൂബക്കര്‍ സിദ്ദീഖിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസിലെ സൂത്രധാരന്മാരില്‍ ഒരാളാണ് നൂര്‍ഷയെന്നു പൊലീസ് പറഞ്ഞു. കേസില്‍ പ്രതിയായതോടെ നേപ്പാളിലേക്ക് രക്ഷപ്പെട്ട നൂര്‍ഷ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി പത്തു ദിവസത്തിനകം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ഒരാഴ്ച മുമ്പ് ഗള്‍ഫിലേക്ക് പോയ അബൂബക്കര്‍ സിദ്ദീഖിനെ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് കാറില്‍ കയറ്റി കൊണ്ടു പോയി വിജനമായ സ്ഥലത്ത് വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലകീഴായി കെട്ടി തൂക്കിയുമായിരുന്നു കൊലപാതകം. മരണപ്പെട്ടുവെന്നു ബോധ്യമായതോടെ മൃതദേഹം കാറില്‍ കയറ്റി കൊണ്ടുപോയി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നാണ് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. 19 പ്രതികളാണ് കേസിലുള്ളത്.