ബാഗ്പതിലെ ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടു നല്‍കി കോടതി ഉത്തരവ്

0
218

ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ദർഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമർപ്പിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഹരജി കോടതി തള്ളി. സൂഫി വര്യൻ ബദറുദ്ദീൻ ഷായുടെ ദർഗയാണ് ഹിന്ദു പക്ഷത്തിന് വിട്ട് നൽകാൻ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ചയാണ് സിവിൽ ജഡ്ജ് ശിവം ദ്വിവേദി മുസ്ലിം പക്ഷത്തിന്റെ ഹരജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.

ബാഗ്പത് ജില്ലയിലെ ബർണാവ ഗ്രാമത്തിലാണ് സൂഫി വര്യൻ ബദ്‌റുദ്ദീൻ ഷായുടെ ദർഗ സ്ഥിതി ചെയ്യുന്നത്. 600 വർഷം പഴക്കമുണ്ടിതിന് എന്നാണ് കരുതപ്പെടുന്നത്. 53 വർഷം മുമ്പാണ് ഈ പ്രദേശവുമായി ബന്ധപ്പെട്ട തർക്കമാരംഭിച്ചത്. 1970 ൽ ഹിന്ദു വിഭാഗം ദർഗക്കകത്ത് അതിക്രമിച്ച് കയറി പ്രാർഥന നടത്താൻ ശ്രമിച്ചു എന്നാരോപിച്ച് ദർഗാ ഭാരവാഹിയായ മുഖീം ഖാന്‍ കോടതിയെ സമീപിച്ചു.

ബാഗ്പതിലെ ഹിന്ദു പുരോഹിതൻ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസിൽ പ്രതിയാക്കിയിരുന്നത്. മഹാഭാരത്തിൽ പരാമർശിക്കുന്ന ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമാണിത് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. പാണ്ഡവരെ ചുട്ടു കൊല്ലാൻ ദുര്യോധനൻ പണികഴിപ്പിച്ച കൊട്ടാരമാണ് ലക്ഷ ഗൃഹം എന്നാണ് ഹിന്ദു മത വിശ്വാസം. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കേസിലെ നിര്‍ണായക വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

ലക്ഷഗൃഹവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിന്‍റെ ഹരജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ രണ്‍വീര്‍ സിങ് തോമര്‍ പറഞ്ഞു. ഹരജി തള്ളപ്പെട്ടതോടെ കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം അഭിഭാഷകന്‍ അഡ്വ.ഷാഹിദ് ഖാന്‍ പറഞ്ഞു. നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രദേശം.

LEAVE A REPLY

Please enter your comment!
Please enter your name here