കുമ്പള(www.mediavisionnews.in): തകർന്ന് തരിപ്പണമായി സഞ്ചാരയോഗ്യമല്ലാതായി മാറിയ കുമ്പള- കോട്ടക്കാർ-മുളിയടുക്കം റോഡ് നന്നാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാളം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലായിരുന്ന ഈ റോഡ് 2012ലാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. നാമമാത്ര അറ്റകുറ്റപണികൾ ചിലയിടങ്ങളിൽ നടത്തിയതല്ലാതെ കാര്യമായ വികസന പ്രവൃത്തികൾ ഇതിൽ ചെയ്തിട്ടില്ല. മുളിയടുക്കം, പെൽത്തടുക്ക, ആച്ചക്കോളി, കുറ്റ്യാളം, കോട്ടക്കാർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുമ്പള നഗരത്തിലെത്താനുള്ള പ്രധാന പാതയാണിത്. നൂറ് കണക്കിന് വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാൻ ഉപയോഗിക്കുന്നതും ഇതേ റോഡാണ്. കാലവർഷം കഴിഞ്ഞതോടെ റോഡ് പൂർണമായും തകർന്ന് ചെളിയും മണ്ണും അടിഞ്ഞ് കാൽനട യാത്രപോലും ദുസ്സഹമായിരിക്കുകയാണ്.
കുമ്പള ഗ്രാമ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതും നിരവധി ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കൂടി കടന്ന് പോകുന്നതുമായ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡ് ആധുനിക രീതിയിൽ മെക്കഡാം ടാറിംഗ് നടത്തി വികസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രിക്കും പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ ഉൾപ്പെടെയുള്ള അധികൃതർക്കും യൂത്ത് ലീഗ് നിവേദനം നൽകും. യോഗത്തിൽ മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് അബൂബക്കർ കുറ്റ്യാളം അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, വൈസ് പ്രസിഡന്റ് ബി എൻ മുഹമ്മദലി , പ്രവർത്തക സമിതിയംഗം അബ്ബാസ് അലി കെ, അബ്ദുല്ല അബ്ബാസ്, മുഹമ്മദ് ബഷീർ, അബ്ദുൽ കാദർ അബ്ബാസ് പ്രസംഗിച്ചു.
ഭാരവാഹികൾ: അബ്ദുസ്സമദ് കെ (പ്രസിഡന്റ്) അഹ്മ്മദ് ഇല്യാസ് (ജന. സെക്രട്ടറി) അബ്ബാസ് ജാഷിർ (ട്രഷറർ) അബ്ദുൽ കാദർ, അബൂബക്കർ സിദ്ധീഖ് ബി കെ (വൈസ് പ്രസിഡന്റുമാർ) മുഹമ്മദ് ഫൈസൽ ,മുഹമ്മദ് സിനാൻ (സെക്രട്ടറിമാർ)