ബീഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ വീണു; മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

0
204

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ജെഡിയു എംഎൽഎമാരുടെ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി.

സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ആവശ്യപ്പെട്ടതായി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണ്. എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കൊപ്പം ചേർന്ന് രൂപവത്കരിക്കുന്ന സർക്കാറിൽ മുഖ്യമന്ത്രിയായി ഞായറാഴ്ച വൈകീട്ട് അഞ്ചോടെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ലാലു പ്രസാദ് യാദവിന്റെ ആർജെഡി, കോൺഗ്രസ് എന്നിവയുമായി ചേർന്നുള്ള മഹാസഖ്യ സർക്കാറിന്റെ 18 മാസത്തെ ഭരണമാണ് നിതീഷിന്റെ രാജിയോടെ അവസാനിക്കുന്നത്.

243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എംഎൽഎമാരുള്ള ആർജെഡിയാണ് ഏറ്റവും വലിയ കക്ഷി. ബിജെപി 78, ജെഡിയു 45, കോൺഗ്രസ് 19, സിപിഐ (എംഎൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സിപിഐ 2, സിപിഎം 2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്.

122 സീറ്റാണ് ഭരിക്കാൻ വേണ്ടത്. ബിജെപിയും ജെഡിയുവും ചേർന്നാൽ 123 സീറ്റാകും. ജെഡിയു പിൻമാറുന്നതോടെ നിലവിലെ മഹാഘട്ട്ബന്ധൻ മുന്നണിയിലെ സീറ്റ് നില 114 ആയി കുറയും.

ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ ഇന്ന് ബിഹാറിൽ എത്തുന്നുണ്ട്. ഇവരുടെ സാന്നിധ്യത്തിലാകും എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം.

അതേസമയം, കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ഒരു മണി​യിലേക്ക് മാറ്റി. നേരത്തെ 11.30 ന് ചേരുമെന്നാണ് അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് എംഎൽഎമാരിൽ പലരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നാണ് വിവരം. പല കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞദിവസം ജെഡിയു അറിയിച്ചിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here