ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിപ്രഖ്യാപനം നടത്താൻ നടൻ വിജയ്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കുസമീപം പനയൂരിൽചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചർച്ച നടന്നെന്നാണ് വിവരം.
പാർട്ടി രൂപവത്കരണ ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കൾ ഇയക്കത്തിന് നിലവിൽ തമിഴ്നാട്ടിൽ താലൂക്ക് തലങ്ങളിൽവരെ യൂണിറ്റുകളുണ്ട്. ഐ.ടി., അഭിഭാഷക, മെഡിക്കൽ രംഗത്ത് പോഷകസംഘടനകളുമുണ്ട്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണനൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സിനിമകളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചതിന്റെപേരിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന വിജയ് ബി.ജെ.പി. അനുകൂലനിലപാടെടുക്കാനുള്ള സാധ്യത വിരളമാണ്. നേരത്തെ കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയസാഹചര്യത്തിൽ ഇവരോട് എന്ത് നിലപാടെടുക്കുമെന്നതിലും വ്യക്തതയില്ല.