ക്യാൻസർ ബാധിച്ച മകനെ ‘അത്ഭുത രോഗശാന്തി’ക്കായി ഗംഗയിൽ മുക്കി മാതാപിതാക്കൾ; ദാരുണാന്ത്യം

0
321

ഹരിദ്വാർ: രോ​ഗശാന്തി കിട്ടുമെന്ന് അവകാശപ്പെട്ട് മാതാപിതാക്കൾ ​ഗം​ഗയിൽ മുക്കിയ ക്യാൻസർ ബാധിതനായ കുട്ടിക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹർ കി പൗരിയിലാണ് സംഭവം. രക്താർബുദം ബാധിച്ച അഞ്ച് വയസുകാരനാണ് മരിച്ചത്. കുട്ടിയെ മാതാപിതാക്കൾ തുടർച്ചയായി ​ഗം​ഗയിൽ മുക്കുകയും ഇത് ദാരുണ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

ബുധനാഴ്ചയാണ് ഡൽഹി സ്വദേശികളായ ദമ്പതികൾ കുടുംബത്തിലെ മറ്റൊരാൾക്കൊപ്പം കുട്ടിയെയും കൂട്ടി ഹർ കി പൗരിയിലെത്തിയത്. തുടർന്ന് കുട്ടിയെ ​ഗം​ഗാ നദിയിലേക്ക് കൊണ്ടുപോവുകയും മുക്കുന്നതിനിടയിൽ അഞ്ച് വയസുകാരൻ മരിക്കുകയുമായിരുന്നു.

കുട്ടി മരിച്ചതോടെ ആളുകൾ മാതാപിതാക്കളെ കുറ്റപ്പെടുത്തിയപ്പോൾ, എന്റെ മകൻ എഴുന്നേൽക്കും, അത് ഉറപ്പാണ് എന്നായിരുന്നു മൃതദേഹത്തിനരികിൽ ഇരുന്ന് മാതാവിന്റെ പ്രതികരണം. വിവരം ലഭിച്ചതോടെ, സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

‘രക്താർബുദം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി സർ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടർമാരെ മാതാപിതാക്കൾ സമീപിച്ചിരുന്നെങ്കിലും അവസ്ഥ ​ഗുരുതരമായതിനാൽ അവർ കൈവിടുകയായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് മകനെ ഗംഗാ നദിയിൽ മുക്കാനായി ഹരിദ്വാറിലേക്ക് ദമ്പതികൾ കൊണ്ടുവരികയായിരുന്നു’- പൊലീസ് സൂപ്രണ്ട് (സിറ്റി) സ്വതന്ത്ര കുമാർ സിങ് പറയുന്നു.

ഗംഗയിൽ മുക്കിയാൽ കുട്ടി സുഖം പ്രാപിക്കുമെന്നായിരുന്നു കുടുംബത്തിന്റെ അന്ധവിശ്വാസം. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന ആളുകൾ വീട്ടുകാരുടെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. എതിർപ്പ് വകവയ്ക്കാതെ ദമ്പതികൾ കുട്ടിയെ വെള്ളത്തിൽ മുക്കുകയായിരുന്നു.

യാത്രയുടെ തുടക്കത്തിൽ തന്നെ കുട്ടിക്ക് സുഖമില്ലായിരുന്നെന്ന് ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് കുടുംബത്തെ കൊണ്ടുപോയ ടാക്സി ഡ്രൈവർ പറയുന്നു. അവർ ഹരിദ്വാറിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ നില വഷളായി. ആരോഗ്യനില മോശമായതിനെ കുറിച്ചും ഗംഗയിൽ മുക്കുന്നതിനെ കുറിച്ചും വീട്ടുകാർ പറഞ്ഞിരുന്നതായി ടാക്സി ഡ്രൈവർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here