ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സന്ദര്‍ശനം തല്‍ക്കാലം ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാമക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്താണ് നിര്‍ദേശം. വിഐപികള്‍ എത്തുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്നും മന്ത്രിമാര്‍ മാര്‍ച്ചില്‍ സന്ദര്‍ശനം നടത്തിയാല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തില്‍ മോദി പറഞ്ഞു.
രാമക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ച ശേഷമുള്ള രണ്ടാം ദിവസവും വന്‍ ഭക്തജനത്തിരക്കാണ്. ചൊവ്വാഴ്ച മൂന്നുലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിയെന്നാണ് അധികൃതര്‍ പറഞ്ഞത്. ബുധനാഴ്ച രാവിലെയും വലിയ തിരക്കുണ്ടായിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ക്യൂ മെച്ചപ്പെടുത്തുമെന്നും ഇതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. അടുത്ത കുറച്ച് ദിവസത്തേക്ക് ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ക്ഷേത്രത്തില്‍ നിയോഗിച്ചിട്ടുള്ളത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ ഏഴു മുതലാണ് ക്ഷേത്രത്തിലേക്ക് ജനങ്ങളെ കയറ്റിവിടാന്‍ തുടങ്ങിയത്.