നീലേശ്വരം: കാസർകോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളും കെ.പി.സി.സി. അംഗവും മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. നാരായണൻ ബി.ജെ.പി.യിലേക്ക്. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നത് ബി.ജെ.പി. മാത്രമാണെന്നും അതിനാലാണ് ആ പാർട്ടിയിലേക്കു പോകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കാസർകോട്ടെ ഉദ്ഘാടനച്ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി. നഡ്ഡ അംഗത്വം നൽകുമെന്ന് ബി.ജെ.പി. നേതൃത്വം അറിയിച്ചു. 27-ന് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനച്ചടങ്ങ്.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ബുധനാഴ്ച രാവിലെ തന്റെ വീട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് നാരായണൻ പറഞ്ഞു.
കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗമായി 10 വർഷം പ്രവർത്തിച്ച നാരായണൻ എ.ഐ.സി.സി. അംഗമായിരുന്ന പരേതനായ കരിമ്പിൽ കുഞ്ഞമ്പുവിന്റെ മരുമകനാണ്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, എൻ.കെ.ബി.എം. ചാരിറ്റബിൾ ഹോസ്പിറ്റൽ ചെയർമാൻ, പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് മാനേജിങ് കമ്മിറ്റി അംഗം, പടന്നക്കാട് ബേക്കൽ ക്ലബ് ഡയറക്ടർ എന്നിനിലകളിൽ പ്രവർത്തിച്ചുവരികയാണ്.