രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനം ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലിം കുടുംബം; കാരണവും വ്യക്തമാക്കി

0
234

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നൽകി മുസ്ലീം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫർസാനയാണ് തിങ്കളാഴ്ച ആൺകുഞ്ഞിന് ജന്മം നൽകിയത്. ഫിറോസാബാദ് ജില്ലാ വനിതാ ആശുപത്രിയിലായിരുന്നു പ്രസവം. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഫിറോസാബാദ് ജില്ലാ വനിതാ ആശുപത്രിലെ ഡോക്ടർ ജെയിൻ പറഞ്ഞു.

കുട്ടിയുടെ മുത്തശ്ശി ഹുസ്ന ബാനുവാണ് കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടത്. ഹിന്ദു – മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടതെന്ന് ബാനു പറഞ്ഞു. അന്നേദിവസം ജനിച്ച ആൺകുട്ടികൾക്ക് മാതാപിതാക്കൾ രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര എന്നിങ്ങനെ രാമന്റെ പര്യായപദങ്ങളും പെൺകുട്ടികൾക്ക് സീതയുടെ പര്യായപദങ്ങളുമാണ് പേരായി നൽകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു .

ഉത്തർപ്രദേശിലെ ആശുപത്രികളിൽ വ്യത്യസ്തമായ കാഴ്ചകളാണ് പ്രതിഷ്ഠാദിനത്തിൽ കണ്ടത്. സംഭാൽ ജില്ലയിൽ, ചന്ദൗസിയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലെ പ്രസവമുറിക്കുള്ളിൽ ഒരു മിനിയേച്ചർ രാമക്ഷേത്രം തന്നെ ആശുപത്രി അധികൃതർ സ്ഥാപിച്ചു. തിങ്കളാഴ്ച ഗർഭിണികൾക്ക് പ്രസവത്തിന് മുമ്പ് പ്രാർത്ഥിക്കാൻ സൗകര്യവും ഒരുക്കി കൊടുത്തു . പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തന്റെ നഴ്‌സിംഗ് ഹോമിലെ പ്രസവമുറിയും നവജാത ശിശുവിന്റെ മുറിയും കാവി നിറത്തിൽ അലങ്കരിച്ചതായും നവജാത ശിശുവിന്റെ മുറിയിൽ ഒരു ചെറിയ ദൈവത്തെ പ്രതിഷ്ഠിച്ചതായും നഴ്സിംഗ് ഹോമിലെ ഡോ. വന്ദന സക്‌സേന പറഞ്ഞു.

പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് സിസേറിയൻ ചെയ്യണമെന്ന് നിരവധി ഗർഭിണികൾ തന്നോട് അഭ്യർത്ഥിച്ചതായി കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സീമ ദ്വിവേദി പിടിഐ യോട് പറഞ്ഞു. ഭദോഹിയിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച 33 കുട്ടികളാണ് ജില്ലാ ആശുപത്രിയിൽ ജനിച്ചത്. ഇതിൽ പകുതിയോളം കുട്ടികളും സിസേറിയനിലൂടെയാണ് ജനിച്ചത്. അയോധ്യയിലെ രാമക്ഷേത്ര സമർപ്പണത്തോടനുബന്ധിച്ച് ജനുവരി 22 ന് കുഞ്ഞിന് ജന്മം നൽകണമെന്ന് ഇവരിൽ പലരും ആശുപത്രി അധികൃതരോട് ആഗ്രഹം പ്രകടിപ്പിച്ചതായി ഭദോഹി ചീഫ് മെഡിക്കൽ ഓഫീസർ സന്തോഷ് കുമാർ ചാക്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here