ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്ത് മൊബൈൽ ഫോൺ താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ താരിഫുകൾ 20 ശതമാനം വരെ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
2024 ന്റെ പകുതിയോടെ തന്നെ പ്രതിമാസ പ്ലാനുകൾക്ക് നിലവിലത്തേക്കാൾ കൂടുതൽ പണം നൽകേണ്ടിവരും. 5G-അടിസ്ഥാനത്തിലാകും താരിഫുകൾ പരിഷ്കരിച്ച് അവതരിപ്പിക്കുകയെന്നാണ് സൂചന.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എയുടെ റിപ്പോർട്ടിൽ 2024 താരിഫ് വർദ്ധനയുടെ വർഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. മൊബൈൽ താരിഫുകളിൽ അവസാനമായി വൻ തോതിൽ വർദ്ധനവുണ്ടായത് 2021-ലാണ്. എന്നാലും ചില സർക്കിളുകളിൽ പ്രീപെയ്ഡ് മേഖലയിൽ കമ്പനികൾ താരിഫ് പരിഷ്കരിച്ചിരുന്നു.
ഉപഭോക്താക്കളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വരുമാനം വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് കമ്പനികളുടെ നിലപാട്. സർവിസ് മെച്ചപ്പെടുത്താൻ കൂടുതൽ നിക്ഷേപം നടത്തണമെന്നും കമ്പനികൾ വിശദീകരിക്കുന്നു.