മലപ്പുറം: പാണക്കാട് കുടുംബത്തിന്‍റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി പാണക്കാട് മുഈനലി തങ്ങൾ. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയ്ക്ക് മങ്ങൽ വരുമെന്നും മുഈനലി തങ്ങൾ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാൽ മാറുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളിൽ താഴ്ന്നു കൊടുക്കാനുള്ള മനസ് കാണിക്കണം. സ്ഥാന മാനങ്ങളിൽ പിടിച്ചുതൂങ്ങി നിൽക്കേണ്ട കാര്യമില്ല. ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങള്‍. ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആർക്കും സ്പർശിക്കാനാവില്ലെന്ന സമദാനിയുടെ പരാമർശത്തിലും മുഈനലി വിമർശനം ഉന്നയിച്ചു. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നാണ് മുഈനലി തങ്ങൾ വ്യക്തമാക്കിയത്.
സമസ്തയും ലീഗും തമ്മിലെ ബന്ധം വഷളാവുന്നതിനിടെ ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. എംഎസ്എഫ് നടത്തിയ പാണക്കാടിന്‍റെ പൈതൃകം എന്ന പേരിലുള്ള ക്യാമ്പെയിന്‍റെ സമാപന സമ്മേളനത്തിലാണ് പാണക്കാട് കുടുംബത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പരാമര്‍ശം നടത്തിയത്. പാണക്കാട് കുടുംബത്തിന്‍റെ ശിഖരമോ ചില്ലയോ വെട്ടാന്‍ ആർക്കും സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതേ വേദിയില്‍ തന്നെയായിരുന്നു സമദാനിയുടെ പരാമര്‍ശം. സൂര്യനെയും ചന്ദ്രനെയുമൊക്കെ നോക്കിനില്‍ക്കാം എന്നല്ലാതെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും അവയ്ക്ക് മുകളിലൂടെ കാർമേഘങ്ങള്‍ കടന്നുപോകുമെങ്കിലും എല്ലാ കാലവും നിലനില്‍ക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.
പാണക്കാട് കുടുംബാംഗമായ മുഈനലി ഇതിനു മുന്‍പും ലീഗിനെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. സമസ്ത നേടാക്കള്‍ക്ക് അനുകൂലമായ പരാമര്‍ശം പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെയുണ്ടായിരിക്കുകയാണ്. സമസ്തയുടെ പരിപാടിയിലാണ് മുഈനലിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമായ കാര്യമാണ്.