കുമ്പള, ഷിറിയ പുഴകളിൽ വീണ്ടും മണൽക്കടത്ത്; പോലീസ് 10 കടവുകളും രണ്ട്‌ തോണികളും നശിപ്പിച്ചു

0
126

കുമ്പള: അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നുവെന്ന പരാതിക്കിടെ നടപടികൾ ശക്തമാക്കി കുമ്പള പോലീസ്. പരിശോധനയെത്തുടർന്ന്‌ 10 കടവുകളും, രണ്ട്‌ തോണികളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പോലീസ് നശിപ്പിച്ചു. മണൽ കടത്തുകയായിരുന്ന ഒരു ലോറിയും പിടിച്ചു. ഷിറിയ പുഴയുടെ തീരമേഖലകളിൽ പ്രവർത്തിക്കുന്ന 10 അനധികൃത കടവുകളാണ് നശിപ്പിച്ചത്. ഒളയം, മണ്ടക്കാപ്പ്, പാച്ചാനി, ഇച്ചിലങ്കോട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചവയായിരുന്നു കടവുകൾ. ഒളയത്തുനിന്നായിരുന്നു തോണികൾ കണ്ടെടുത്തത്. കടവുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലമുടമകളുടെ വിശദാംശങ്ങൾ നൽകാൻ വില്ലേജ് അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കുമ്പള എസ്.ഐ. വി.കെ. അനീഷ്, എ.എസ്.ഐ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.പി.ഒ.മാരായ മഹേഷ്, അനൂപ്, വിനോദ് എന്നിവരും പങ്കെടുത്തു.

മണൽക്കടത്തിന്‌ അറുതിയില്ല

മൊഗ്രാൽ, കുമ്പള, ഷിറിയ പുഴകൾ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്തിന് ഒരു കുറവുമില്ല. പോലീസ് നടപടികൾ ശക്തമാക്കുമ്പോൾ മാത്രം മണൽക്കടത്ത് സംഘം പിൻവലിയും. കുറച്ച് നാളുകൾക്കുശേഷം വീണ്ടും ശക്തിപ്രാപിക്കും. വ്യക്തികളുടെ പറമ്പുകളിലൂടെ റോഡുണ്ടാക്കി തീരത്ത് അനധികൃത കടവുകൾ നിർമിക്കുകയാണ് പതിവ്. പോലീസ് അനധികൃത കടവുകളും റോഡുകളും നശിപ്പിച്ചാൽ തൊട്ടടുത്തുതന്നെ പുതിയവ നിർമിക്കും. ഡിസംബർ രണ്ടിന് കുമ്പള തീരദേശ പോലീസ് ഷിറിയയിൽനിന്ന്‌ മൂന്ന്‌ തോണികളും 26-ന് രണ്ട്‌ തോണികളും പിടിച്ച് നശിപ്പിച്ചിരുന്നു. അതിനു തൊട്ടുമുൻപായി കുമ്പള, മൊഗ്രാൽ പുഴകളിൽനിന്നായി 12 തോണികൾ പോലീസ് നശിപ്പിച്ചിരുന്നു.

മൊഗ്രാലിൽ നാങ്കി, പെർവാഡ്, കോയിപ്പാടി, കുമ്പള, ഒളയം, ഷിറിയ എന്നിവിടങ്ങളിലാണ് ഏറെയും അനധികൃത മണൽക്കടത്ത് നടക്കുന്നത്. കോയിപ്പാടിയിൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ വാഹനത്തിൽ മണൽ കടത്തുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here