കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയിൽ പതിഞ്ഞ വിഷയത്തില്‍ വിശദീകരണവുമായി മോട്ടർവാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എൻഫോഴ്സ്മെന്റ് ആർടിഒ സി.യു.മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്. സംഭവം നടന്ന് 3 മാസത്തെ കാത്തിരിപ്പിനു ശേഷമാണ് എംവിഡിയുടെ വിശദീകരണക്കുറിപ്പ് പുറത്തുവരുന്നത്.
കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ പയ്യന്നൂർ ഡിവൈഎസ്പിക്കു നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയതെന്നും പറയുന്നു. ഇതോടെ ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചെന്ന് മോട്ടർവാഹന വകുപ്പ് പറയുമ്പോഴും അതെങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരമില്ല.
ഡ്രൈവറും മുൻസീറ്റ് യാത്രക്കാരിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാൻ ലഭിച്ച ചലാൻ നോട്ടിസിലാണ് ‘വിവാദ’ ചിത്രം ഉൾപ്പെട്ടത്. ഒക്ടോബർ 3നു രാത്രി 8.27ന് ആണ്, ക്യാമറയിൽ കാറിന്റെ ചിത്രം പതിഞ്ഞത്. കാറുടമ പിഴയടയ്ക്കുകയും ചെയ്തു.ആ വാഹനത്തിൽ അന്നു സഞ്ചരിച്ചിരുന്നത് ഒരു സ്ത്രീയും പുരുഷനും സ്ത്രീയുടെ പത്തും പതിനേഴും വയസ്സുള്ള മക്കളുമായിരുന്നു.