റിയാദ് ടു കരിപ്പൂര്‍, വിമാനത്താവളം കടന്നിട്ടും സാധനം ഭദ്രം! കാത്തിരുന്ന് പൊലീസ് പൊക്കിയത് 600 ഗ്രാം സ്വര്‍ണം

0
131

കോഴിക്കോട്: റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരൻ ആയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അമൽ ചെറിയാനും സ്വർണം വാങ്ങാൻ എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശികൾ ആയ റിയാസ്, മുസ്തഫ എന്നിവരാണ് പിടിയിലായത്.

രണ്ട് എമർജൻസി ലൈറ്റുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 600 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. വിപണിയിൽ 37 ലക്ഷത്തിന് മുകളിൽ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ 10 ദിവസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് നടത്തുന്ന നാലാമത്തെ സ്വർണ്ണവേട്ടയാണ് ഇത്.

അതിനിടെ, കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട നടന്നിരുന്നു. വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച രണ്ട് കോടി രൂപ വിലവരുന്ന സ്വർണക്കട്ടികൾ കസ്റ്റംസ് പിടികൂടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ പാന്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യാത്രക്കാരനും 3 സുഹൃത്തുക്കളും പൊലീസിന്‍റെ പിടിയിലായി.

ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്‍റെ ശുചിമുറിയിൽ നിന്ന് സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഡസ്റ്റ്ബിന്നിൽ ഒളിപ്പിച്ച നിലയിൽ 28 സ്വർണക്കട്ടികളാണ് കിട്ടിയത്. 3317 ഗ്രാം തൂക്കം വരുന്നതാണ് സ്വർണം. സ്വർണക്കടത്ത് സംഘത്തിനായി കസ്റ്റംസ് അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘം പൊലീസിന്റെ പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തെത്തിയ കോഴിക്കോട് സ്വദേശി ജബ്ബാറിനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ജബ്ബാറിനെ സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളായ റിയാസ്, അനീസ്, ഫൈജാസ് എന്നിവരും പൊലീസിന്‍റെ പിടിയിലായി.

ജബ്ബാർ ധരിച്ചിരുന്ന ജീൻസിന്റെ ഉൾവശത്ത് സ്വർണം തേച്ച് പിടിപ്പിച്ചായിരുന്നു കടത്ത്. 750 ഗ്രാം സ്വർണമെങ്കിലും വേർതിരിക്കാനാകുമെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചക്കിടെ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് പിടിക്കുന്ന മൂന്നാമത്തെ കേസാണ് ഇത്. സ്വർണം കോടതിയിൽ നല്‍കിയ ശേഷം വിശദമായ റിപ്പോർട്ട് പൊലീസ് കസ്റ്റസിന് കൈമാറും.

 

LEAVE A REPLY

Please enter your comment!
Please enter your name here