റിയാദ്: വിമാന യാത്രക്കായി പുറപ്പെടും മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് നടപടി പൂർത്തിയാക്കാനുള്ള സംവിധാനം സൗദി വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. ‘ട്രാവലർ വിതൗട്ട് ബാഗ്’ എന്ന പേരിലുള്ള ഈ സംവിധാനം മൂന്ന് മാസത്തിനുള്ളിൽ നടപ്പാവുമെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി അറിയിച്ചു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം താമസസ്ഥലങ്ങളിലിരുന്ന് ലഗേജ് ചെക്ക് ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവും. ലഗേജുകൾ അതിനുവേണ്ടി നിയുക്തരായ ജീവനക്കാർ വിമാനത്താവളത്തിലെത്തിക്കും. യാത്രക്കാർക്ക് ബാഗേജിെൻറ ഭാരമോ ചെക്ക് ഇൻ നടപടികളുടെ ആശങ്കകളോ ഇല്ലാതെ കൈയ്യും വീശി നേരെ വിമാനത്താവളത്തിലേക്ക് പോകാനാവും. ഹാൻഡ് ബാഗ് മാത്രം കൈയ്യിൽ വെക്കാം.
ഈ സംവിധാനത്തിെൻറ പരിധിയിൽ വരുന്ന വിമാന കമ്പനിയിൽ ടിക്കറ്റ് എടുത്തവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. യാത്രക്ക് ആവശ്യമായ എല്ലാ രേഖകളും പൂർണമായിരിക്കണം, ലഗേജുകളിൽ നിരോധിത വസ്തുക്കൾ ഉണ്ടാവരുത് എന്നീ നിബന്ധനകളുമുണ്ട്. സൗദിയിലെ വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്നത് എയർപോർട്ട് ഹോൾഡിങ് കമ്പനിയാണ്. അതിെൻറ അനുബന്ധ സ്ഥാപനങ്ങൾ വഴി രാജ്യത്തെ 27 വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിന് കമ്പനി മേൽനോട്ടം വഹിക്കുന്നുണ്ട്.