കാസര്‍കോട്: തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ കല്യാണത്തെകുറിച്ച് അന്വേഷിക്കുന്നതിനായി എന്‍.ഐ.എ സംഘം കാസര്‍കോട്ടെത്തി. കൊച്ചിയില്‍ നിന്നുള്ള നാലംഗ സംഘമാണ് കാസര്‍കോട്ടെത്തിയത്. സവാദിന്റെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ അറിയുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഉള്ളാളിലെ ഒരു ആരാധനാലയത്തില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നും അനാഥനാണെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ സമ്മതിച്ചതെന്നുമാണ് സവാദിന്റെ ഭാര്യാ പിതാവായ മഞ്ചേശ്വരം സ്വദേശി വ്യക്തമാക്കിയിട്ടുള്ളത്. 2016 ഫെബ്രുവരി 27 ന് ഉദ്യാവര്‍ ആയിരം ജുമാമസ്ജിദില്‍ ഷാജഹാന്‍ എന്ന പേരിലാണ് സവാദ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ചിറക്കലിലെ പി പി ഹൗസ്, കുന്നുംകൈ എന്ന അഡ്രസാണ് രജിസ്റ്റേഷനായി നല്‍കിയത്. കെപി ഉമ്മര്‍ എന്നാണ് വിവാഹ രജിസ്റ്ററില്‍ നല്‍കിയത്. എന്നാല്‍ യഥാര്‍ഥ പേര് ബീരാന്‍ കുട്ടിയെന്നായിരുന്നു. അതേസമയം വധുവിന്റെ വിലാസവും മറ്റും യഥാര്‍ഥമായിരുന്നു. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്ദോഗസ്ഥര്‍ക്ക് സഹായകമായത്. കാസര്‍കോട്ട് വിവാഹ സമയത്ത് നല്‍കിയ പേര് ഷാജഹാന്‍ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് യഥാര്‍ത്ഥ പേരാണ്. മംഗല്‍പ്പാടി പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റിലാണ് അച്ഛന്റെ പേര് എംഎം സവാദ് എന്ന് രേഖപ്പെടുത്തിയത്.
അതിനിടെ കാസര്‍കോട്ടെത്തിയ എന്‍.ഐ.എ സംഘം പിതാവില്‍ നിന്നും വിവാഹം നടത്തി കൊടുത്തവരില്‍ നിന്നും മൊഴിയെടുക്കും. കല്യാണം സംബന്ധിച്ച രേഖകളും അന്വേഷണ സംഘം പരിശോധിക്കും. സവാദിനെ പരിചയപ്പെട്ടുവെന്നു പറയുന്ന ഉള്ളാളിലും സംഘം അന്വേഷണം നടത്തും. കല്യാണം നടക്കുന്നതിനു എത്ര നാള്‍ മുമ്പ് സവാദ് മഞ്ചേശ്വരത്തെത്തിയതെന്നതിനെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എറണാകുളം സ്വദേശിയായ സവാദ് മഞ്ചേശ്വരത്ത് എത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ പരിധിയിലുണ്ട്.
അതേസമയം സവാദിന്റെ മഞ്ചേശ്വരം ബന്ധവും കല്യാണവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് സംസ്ഥാന ആഭ്യന്തര വകുപ്പിനു അയച്ചു. കൈവെട്ടു കേസില്‍ മുഖ്യപ്രതിയായി പതിമൂന്നര വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന സവാദിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും എത്തിയ എന്‍.ഐ.എ സംഘം ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ മട്ടന്നൂര്‍, ബേരത്തെ വാടക വീട്ടില്‍ നിന്നാണ് സവാദിനെ അറസ്റ്റു ചെയ്തത്.