പ്രതിസന്ധി പരിഹരിക്കണം: വ്യാപാരികൾ ഫെബ്രുവരി 15ന് കടയടച്ച് പ്രതിഷേധിക്കും

0
189

തൃശൂർ: വ്യാപാരരംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 15ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ജനുവരി 29ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വ്യാപാര സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യപാരനയങ്ങള്‍ ചെറുകിട വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് മാത്രം അനുകൂലമാകുന്ന നിയമനിര്‍മാണം മൂലം ചെറുകിട വ്യാപാരികള്‍ പ്രയാസത്തിലാണ്. പിഴയീടാക്കല്‍ മൂലം വലയുകയാണ്. മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

തെരുവോരക്കച്ചവടത്തിന് പ്രത്യേക സോണ്‍ വേണം. ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി രണ്ട് കോടിയും എഫ്.എസ്.എസ്.എ പരിധി ഒരു കോടിയാക്കണമെന്നും ആവശ്യപ്പെട്ടു. ജാഥ ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും. അഞ്ചുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കും.

വാര്‍ത്തസമ്മേളനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ഹമീദ്, അഹമ്മദ് ഷരീഫ്, സെക്രട്ടറിമാരായ ബാബു കോട്ടയില്‍, സണ്ണി പൈംപിള്ളില്‍, സെക്ര​ട്ടേറിയറ്റ് അംഗം എ.ജെ. റിയാസ് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here