മംഗ്‌ളൂരു: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; കൊലക്കേസ് പ്രതിയെ വെടി വച്ച് പിടികൂടി

0
437

മംഗ്‌ളൂരു: അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ ഗുണ്ടയെ വെടി വച്ച് വീഴ്ത്തി പിടികൂടി. കൊലപാതകം ഉള്‍പ്പടെ 21 കേസുകളില്‍ പ്രതിയായ ആകാശ് ഭവന്‍ ശരണിനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം മംഗ്‌ളൂരു, ജെപ്പു, കുടുപടിയിലാണ് സംഭവം. ജനുവരി രണ്ടിനു രാത്രി ശരണിനെ പിടികൂടാന്‍ പൊലീസ് എത്തിയിരുന്നു. അന്നു പൊലീസ് വാഹനത്തിനു നേരെ കാറിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ശരണ്‍ ജെപ്പുവിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് സ്ഥലത്ത് എത്തിയത്. പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ല.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമം. കത്തി വീശുന്നതിനിടയില്‍ പൊലീസുകാരനായ പ്രകാശിനു പരിക്കേറ്റു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശരണിനെ ഇന്‍സ്‌പെക്ടര്‍ സുദീപ് വെടി വച്ചു. കാലിനു വെടിയേറ്റ ശരണ്‍ സ്ഥലത്തു വീണു. പിന്നീട് കങ്കനാടിയിലെ ആശുപത്രിയില്‍ എത്തിച്ചു.

ചികിത്സയില്‍ കഴിയുന്ന ശരണിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ ഡോക്ടര്‍ന്മാരോട് ചോദിച്ചറിഞ്ഞു. സുള്ള്യയിലെ കെ.വി.ജി പോളിടെക്‌നിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ രാമകൃഷ്ണയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശരണ്‍. ഇതിനു പുറമെ വധശ്രമം, പോക്‌സോ, കവര്‍ച്ച, മാനഭംഗം തുടങ്ങി 20ല്‍ അധികം കേസുകളില്‍ പ്രതിയാണ് ശരണനെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here