ബാറ്റിംഗിനിടെ പിച്ചില്‍ കുഴഞ്ഞുവീണ് 34കാരൻ, ഓടിയെത്തി സിപിആര്‍ നല്‍കി എതിര്‍ ടീം താരങ്ങൾ; ഒടുവില്‍ മരണം-വീഡിയോ

0
282

നോയ്ഡ: മുംബൈയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് 52കാരന്‍ മരിച്ചതിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് മറ്റൊരു മരണവാര്‍ത്ത കൂടി. നോയ്ഡയില്‍ നിന്നാണ് ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടാമത്തെ മരണവാര്‍ത്ത വരുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ വികാസ് നേഗിയെന്ന 34കാരന്‍ പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

മത്സരത്തിലെ പതിനാലാം ഓവറില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന വികാസ് നേഗി സ്ട്രൈക്കര്‍ ഉമേഷ് കുമാര്‍ ബൗണ്ടറിയിലേക്ക് അടിച്ച പന്തിനായി സിംഗിള്‍ ഓടി സ്ട്രൈക്കിംഗ് എന്‍ഡിലെത്തി. പന്ത് ബൗണ്ടറി കടന്നതോടെ തിരിച്ച് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് നടക്കാന്‍ തുടങ്ങവെ പിച്ചിന് നടുവില്‍ പൊടുന്നനെ കുഴഞ്ഞു വീണു. വികാസ് നേഗി കുഴഞ്ഞു വീഴുന്നതുകണ്ട് ബാറ്ററും എതിര്‍ ടീം താരങ്ങളും പിച്ചിന് നടുവിലേക്ക് ഓടിയെത്തി.

കുഴഞ്ഞുവീണ വികാസ് നേഗിക്ക് സിപിആര്‍ നല്‍കിയശേഷം ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുമ്പ് കൊവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന വികാസ് നേഗി സ്ഥിരമായി ക്രിക്കറ്റ് മത്സരം കളിക്കാന്‍ വരാറുണ്ടായിരുന്നുവെന്ന് സഹതാരങ്ങള്‍ പറ‍ഞ്ഞു.

കൊവിഡിനുശേഷം കഴിഞ്ഞ കുറച്ചു കാലങ്ങളായി യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതിനെക്കുറിച്ച് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലും ഹൃൃദയാഘാതം മൂലമുള്ള മരണനിരക്കില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മുമ്പ് പ്രായമായവരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോഴത് 30-40 പ്രായക്കാരിലും കൂടുതലായി കാണുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here