കൊട്ടാരക്കര: പെട്രോൾ പമ്പിൽ അക്രമംകാട്ടി കടന്ന യുവാക്കൾ പിടികൂടാനെത്തിയ പോലീസിനുനേരേ പെട്രോൾ ബോംബെറിഞ്ഞു. ബോംബ് പൊട്ടിയെങ്കിലും പോലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അക്രമികളിലൊരാളെ അപ്പോൾതന്നെ പോലീസ് കീഴടക്കി. രക്ഷപ്പെട്ട രണ്ടാമനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇവർ സഞ്ചരിച്ച കാറിൽനിന്ന് പെട്രോൾ ബോംബുകളും ബോംബുണ്ടാക്കാൻ കരുതിയ പെട്രോൾ, തിരി, ബിയർ കുപ്പികൾ എന്നിവയും വടിവാൾ, കുറുവടി ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
പുനലൂർ ഷാജിസദനത്തിൽ റിജോമോൻ (23), ചാത്തന്നൂർ താഴം സുറുമി മൻസിലിൽ ഷാജഹാൻ (26) എന്നിവരാണ് അറസ്റ്റിലായത്. പൂയപ്പള്ളി, കൊട്ടാരക്കര സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ചേർന്നു നടത്തിയ പതിനഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് അക്രമികൾ പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവങ്ങളുടെ തുടക്കം. കൊട്ടാരക്കര ചന്തമുക്കിൽ എച്ച്.പി.പമ്പിൽ കാറിൽ ഇന്ധനം നിറയ്ക്കാനെത്തിയ യുവാക്കൾ ജീവനക്കാരിയായ സുജിതകുമാരിയെ ആക്രമിച്ചു. പണം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സുജിതകുമാരിയെ മർദിക്കുകയും വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മറ്റു ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചശേഷം പ്രതികൾ രക്ഷപ്പെട്ടു.
സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വാഹന നമ്പർ കണ്ടെത്തിയ പോലീസ് കാർ ഉടമയെയും കാർ വാടകയ്ക്കെടുത്തവരെയും തിരിച്ചറിഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പുനലൂരിൽ ഉണ്ടെന്നറിഞ്ഞു. പോലീസ് അവിടെ എത്തിയപ്പോഴേക്കും ഇവർ കൊട്ടാരക്കര ഭാഗത്തേക്കു കടന്നിരുന്നു. പിന്തുടർന്ന കൊട്ടാരക്കര പോലീസിനെ വെട്ടിച്ച് ഓയൂർ റോഡിലേക്കുപോയ പ്രതികളുടെ വാഹനം പൂയപ്പള്ളി പോലീസ് തടയാൻ ശ്രമിച്ചു.
അവിടെനിന്നുകടന്ന പ്രതികളെ പരുത്തിയറ പുല്ലാഞ്ഞിക്കോട് ഭാഗത്ത് തടഞ്ഞപ്പോഴാണ് കാറിലുണ്ടായിരുന്ന ഷാജഹാൻ പോലീസിനുനേരേ പെട്രോൾ ബോംബെറിഞ്ഞത്. റോഡിൽ വീഴാതെ ബോംബ് മണ്ണിൽ വീണു പൊട്ടിയതിനാൽ പോലീസുകാർക്ക് പരിക്കേറ്റില്ല.
അപ്പോഴേക്കും കൊട്ടാരക്കര പോലീസും സ്ഥലത്തെത്തി. കാറോടിച്ചിരുന്ന റിജോയെ സംഭവസ്ഥലത്തുതന്നെ പോലീസ് കീഴടക്കി. ഓടി രക്ഷപ്പെട്ട ഷാജഹാനെ പോലീസും നാട്ടുകാരും മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
ചൊവ്വാഴ്ച പുലർച്ചെ മിയ്യണ്ണൂരിനുസമീപം സ്കൂൾ വിദ്യാർഥിയാണ് ഷാജഹാനെ കണ്ട വിവരം അറിയിച്ചത്. ബസിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തുടർന്നു പിടികൂടി പോലീസിനു കൈമാറി .ചാത്തന്നൂർ, പൂയപ്പള്ളി സ്റ്റേഷനുകളിലും തമിഴ്‌നാട്ടിലും ബൈക്ക് മോഷണം, കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയാണ് ഷാജഹാൻ. റിജോമോന്റെ പേരിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികൾക്കു പിന്നാലെ പോലീസ് ഓടിയത്15 മണിക്കൂർ
കൊട്ടാരക്കര: പോലീസ് സ്റ്റേഷനു 100 മീറ്ററിനുള്ളിൽ പട്ടണത്തിൽ പെട്രോൾ പമ്പിൽ യുവതിയുടെ കരണത്തടിച്ചും വടിവാൾ വീശിയും കടന്ന പ്രതികളെ പിടികൂടാൻ പോലീസ് ഓടിയത് 15 മണിക്കൂർ. പ്രതികളെറിഞ്ഞ പെട്രോൾ ബോംബിൽ പരിക്കേൽക്കാതെ പോലീസുകാർ രക്ഷപ്പെട്ടത് ഭാഗ്യത്തിന്റെ ബലത്തിലും.
അക്രമികളെത്തിയ കാർ സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ട് തിരിച്ചറിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചത് ചൊവ്വാഴ്ച വൈകീട്ട് 4.15-ന്. പുത്തൂർ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കാറുടമയെ തേടി പുത്തൂരിലെത്തിയപ്പോൾ പട്ടാഴിയിലാണെന്നറിഞ്ഞു. അവിടെയെത്തി ഉടമയെ കണ്ടെത്തിയപ്പോഴാണ് സുഹൃത്ത് മുഖാന്തരം അക്രമികൾ കാർ വാടകയ്ക്കെടുത്തതാണെന്നു ബോധ്യമായത്. നമ്പർ കണ്ടെത്തി സുഹൃത്തിനെക്കൊണ്ടു ഫോണിൽ വിളിപ്പിച്ചു കാർ തിരികെ ആവശ്യപ്പെട്ടു.
തങ്ങൾ കൊല്ലത്താണെന്നും അവിടെ എത്തിയാൽ കാർ നൽകാമെന്നും മറുപടി. സൈബർ സെൽ അന്വേഷണത്തിൽ കാറും യുവാക്കളും പുനലൂരിൽത്തന്നെയുണ്ടെന്നു കണ്ടെത്തി. അക്രമികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. അപ്പോൾ സമയം രാത്രി 10.15. ഇവരുടെ പക്കലുള്ള മറ്റൊരു ഫോൺ നമ്പർ കണ്ടെത്തി പോലീസ് പിന്തുടർന്ന് എത്തിയപ്പോഴേക്കും കാർ പുനലൂർ വിട്ടു. കൊട്ടാരക്കര സ്റ്റേഷനിലെ എസ്.ഐ. പി.കെ.പ്രദീപ്, സി.പി.ഒ.മാരായ നഹാസ്, സലിൽ എന്നിവർ കാറിനെ പിന്തുടർന്നു.
ചെങ്ങമനാട്ടുവെച്ച് കാണാതായ കാർ രാത്രി പന്ത്രണ്ടോടെ ഓയൂർ റോഡിൽ കണ്ടെത്തി. വിവരം പൂയപ്പള്ളി പോലീസിനു കൈമാറി. എസ്.എച്ച്.ഒ. ബിജു, എസ്.ഐ. അഭിലാഷ്, ഗ്രേഡ് എസ്.ഐ.മാരായ മധുസൂദനൻ, ചന്ദ്രകുമാർ, ഹോംഗാർഡ് റോയിക്കുട്ടി, എസ്.ഐ. രാജേഷ്, സി.പി.ഒ.മാരായ സാബു, മധു എന്നിവരടങ്ങിയ സംഘം കാർ കണ്ടെത്തി തടഞ്ഞെങ്കിലും പ്രതികൾ നിർത്തിയില്ല. പിന്തുടർന്ന് പരുത്തിയറ-പുല്ലാഞ്ഞിക്കോട് ഇടറോഡിൽ അക്രമികളെ പോലീസ് കുറുക്കിട്ടു.
ഉദ്യോഗസ്ഥർ കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയപ്പോഴേക്കും പുറത്തിറങ്ങിയ ഷാജഹാൻ പെട്രോൾ ബോംബ് പോലീസിനുനേരേ വലിച്ചെറിഞ്ഞു, സമയം 12.15. കാറിലുണ്ടായിരുന്ന റിജോമോനെ ബലപ്രയോഗത്തിലൂടെ പോലീസ് കീഴടക്കി. ഓടിപ്പോയ ഷാജഹാനെ തിരക്കി കനാൽ പരിസരത്തും റബ്ബർ തോട്ടങ്ങളിലും പോലീസ് അലഞ്ഞു. അറുപതോളം യുവാക്കളും നാട്ടുകാരും സഹായത്തിനുകൂടി.
ചൊവ്വാഴ്ച പുലർച്ചെ ആറേകാലോടെ തിരച്ചിലിൽ പങ്കെടുത്ത ഒരു വിദ്യാർഥിയാണ് ഷാജഹാനെ തിരിച്ചറിഞ്ഞതും ബസിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മീയണ്ണൂർ ഭാഗത്തുവെച്ച് നാട്ടുകാർ പിടികൂടിയതും. പോലീസിനു കൈമാറുമ്പോൾ സമയം 6.10.
പെട്രോൾ ബോംബ്; ഒരുമാസമായി വാടകക്കാറിൽ കറക്കം
കൊട്ടാരക്കര: പുതിയ കാർ ഒരു മാസമായി വാടകയ്ക്കെടുത്തായിരുന്നു അക്രമികളുടെ കറക്കം. കാറിന്റെ ഉടമ തന്റെ സുഹൃത്ത് വഴിയാണ് കാർ വാടകയ്ക്കു നൽകിയിരുന്നത്. പുതിയ കാറിന് നമ്പർ ലഭിച്ചിരുന്നെങ്കിലും ആർ.സി.ബുക്ക് ലഭിച്ചിരുന്നില്ല. അതിനാൽത്തന്നെ ഓൺലൈനിൽ ഉടമയുടെ വിവരങ്ങൾ ലഭ്യവുമായിരുന്നില്ല.
പോലീസ് ആർ.ടി.ഓഫീസുമായി ബന്ധപ്പെട്ടാണ് ഉടമയുടെ മേൽവിലാസമെടുത്തത്. പുത്തൂരിലെ വിലാസത്തിൽ പട്ടാഴിയിൽ കഴിയുന്ന ഉടമയെയും പുനലൂരിലുള്ള സുഹൃത്തിനെയും കണ്ടെത്താൻ പ്രയാസപ്പെട്ടു. ആദ്യം രണ്ടുദിവസംമുമ്പാണ് വാടകയ്ക്കു നൽകിയതെന്നു പറഞ്ഞവർ പിന്നീടുള്ള ചോദ്യംചെയ്യലിലാണ് 25 ദിവസമായി കാർ കൊണ്ടുപോയിട്ടെന്നു വെളിപ്പെടുത്തുന്നത്.
ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന ഇവർ ഓർഡർ എടുക്കാൻവേണ്ടി കാറിൽ സഞ്ചരിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്.
ഇരുവരും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. ബൈക്ക് മോഷണത്തിലും കഞ്ചാവ് കടത്തിലും പ്രതിയാണ് ഷാജഹാൻ. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രതിയാണ് റിജോമോൻ.
അർദ്ധരാത്രിയിലെ സ്ഫോടനം: പരുത്തിയറ ഞെട്ടി, അലാറം മുഴക്കി പോലീസ്
ഓയൂർ: കൊട്ടാരക്കര പെട്രോൾ പമ്പിലെ ജിവനക്കാരിയെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതികളിലൊരാളായ ഷാജഹാൻ പോലീസിനുനേരേ എറിഞ്ഞ പെട്രോൾ ബോംബിന്റെ ശബ്ദത്തിൽ പരുത്തിയറ പ്രദേശം ഞെട്ടിവിറച്ചു. ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്ന നാട്ടുകാർ എന്താണ് സംഭവിച്ചതെന്നറിയാതെ ഭയന്നു. ഞെട്ടലിൽനിന്നു മുക്തരായ നാട്ടുകാർ പോലീസ് അലാറം മുഴക്കിയ സ്ഥലത്തേക്ക് പാഞ്ഞെത്തി. കാര്യമറിഞ്ഞവർ മറ്റുള്ളവരെ വിവരം ഫോണിൽ അറിയിച്ചതോടെ പ്രദേശത്തെ ജനങ്ങൾ ഒത്തുകൂടി.
ബോംബെറിഞ്ഞ പ്രതി കനാൽ ഭാഗത്തേക്ക് ഓടിയതായി പോലീസ് പറഞ്ഞു. നാട്ടുകാർ സംഘങ്ങളായി ബൈക്കിലും കാറിലുമായി പോലീസിനൊപ്പം ഉറക്കമിളച്ച് നേരം വെളുക്കുവോളം തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
ചൊവ്വാഴ്ച രാവിലെ ആറരയോടെ കൊല്ലത്തേക്ക് പോയ വിദ്യാർഥിയാണ് പ്രതിയെ പൂയപ്പള്ളിയിൽവച്ച് കണ്ടതായി തിരച്ചിൽ സംഘത്തിലുണ്ടായിരുന്ന കൂട്ടുകാരെ അറിയിച്ചത്. പ്രതിയായ ഷാജഹാൻ കൊല്ലത്തേക്ക് ബസ് കാത്തുനിന്ന വിദ്യാർഥിയോട് പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തതായി പറയുന്നു. കൊല്ലത്തേക്കുള്ള ബസ് വന്നതോടെ പ്രതിയും കുട്ടികളും ബസിൽ കയറി. വിദ്യാർഥികളിൽ ഒരാൾക്ക് തലേദിവസം ഫോണിൽ കണ്ട പ്രതിയുടെ ചിത്രവുമായി സാമ്യം തോന്നിയതിനെത്തുടർന്ന് പരുത്തിയറയിലെ കൂട്ടുകാരനെ ഫോണിലൂടെ വിവരമറിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥികൾ ബസ് കണ്ടക്ടറോട് കാര്യം പറയുകയും മീയണ്ണൂരിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാൻ തുടങ്ങിയ ഷാജഹാനെ യാത്രക്കാർ ഉൾപ്പെടെ തടയുകയും ചെയ്തു.
നിങ്ങൾ തിരയുന്ന ആൾ ഞാനല്ല എന്നു പറഞ്ഞ് പ്രതി രക്ഷപ്പെടാനും ശ്രമിച്ചു.
അപ്പോഴേക്കും പരുത്തിയറയിൽനിന്ന് ബൈക്കിൽ നാട്ടുകാർ ബസിനെ പിന്തുടർന്നെത്തുകയും ഷാജഹാനെ തടഞ്ഞുവെക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൂയപ്പള്ളി പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.