കൊച്ചി: നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. ദുബായിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
നെടുമ്പാശ്ശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ഒരു വിദേശിയിൽ നിന്നും 472 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്നെത്തിയ ജപ്പാൻ സ്വദേശി ഷിക്കാമ ടാക്കിയോയെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ പേഴ്സിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്. ഗ്രീൻചാനലിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഏഴ് ബിസ്കറ്റുകളുടെ രൂപത്തിലുള്ള 472 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്ക്രീനിംഗിൽ തിരിച്ചറിയാതിരിക്കാൻ കറുത്ത നിറമുള്ള കടലാസുകളും മറ്റുമുപയോഗിച്ച് പൊതിഞ്ഞ ശേഷമാണ് തോളിൽ സൂക്ഷിച്ചിരുന്ന ബാഗിലെ പേഴ്സിൽ ഒളിപ്പിച്ചത്.അതേസമയം, കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തൽ വ്യാപകമാവുകയാണ്. കഴിഞ്ഞയാഴ്ച രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നര കിലോയിലധികം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയിൽ മുഹമ്മദ് ജിയാദ് (24), കാസർകോട് പള്ളിക്കര സ്വദേശി അഷ്റഫ് (30) എന്നിവരാണ് പിടിയിലായത്. ബ്രെഡ് ടോസ്റ്റിന് അകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് രണ്ട് പേരിൽ നിന്ന് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. ഏതാണ്ട് 88 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.