കുപ്പിവെള്ളത്തിലൂടെ വന്‍തോതില്‍ അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യ ശരീരത്തിലെത്തിച്ചേരുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഒരു ലീറ്റര്‍ കുപ്പി വെള്ളത്തില്‍ ഏകദേശം രണ്ടുലക്ഷത്തിനാല്‍പതിനായിരത്തോളം പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. തലമുടിയുടെ ഏഴിലൊന്ന് വീതിയാണ് രൂപം കണക്കാക്കിയാല്‍ കുപ്പിവെള്ളത്തിലെ നാനോ പ്ലാസ്റ്റികിന് ഉണ്ടാവുകയെന്നും പഠനം വെളിപ്പെടുത്തുന്നു. മുന്‍പ് കണക്കാക്കിയിരുന്നതിനെക്കാള്‍ നൂറിരട്ടി പ്ലാസ്റ്റിക് കണങ്ങള്‍ ഇന്ന് വിപണിയിലുള്ള കുപ്പി വെള്ളത്തിലുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
ശരീരത്തിലെ കോശങ്ങളില്‍ അതിവേഗം കടന്നുകൂടുമെന്നതിനാല്‍ തന്നെ മൈക്രോ പ്ലാസിറ്റികിനെക്കാള്‍ അപകടകാരിയാണ് നാനോ പ്ലാസ്റ്റികുകള്‍. ശരീരത്തിനുള്ളില്‍ കടക്കുന്ന നാനോ പ്ലാസ്റ്റിക് കണം അതിവേഗത്തില്‍ രക്തവുമായി കലരാറുണ്ടെന്നും ഇത് അവയവങ്ങളിലേക്ക് എത്തുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഗര്‍ഭിണിയായ സ്ത്രീയില്‍ നിന്നും പ്ലാസന്‍റ വഴി ഗര്‍ഭസ്ഥ ശിശുവിലേക്കും നാനോപ്ലാസ്റ്റിക് എത്താറുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. കുപ്പിവെള്ളത്തില്‍ അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രലോകം സംശയിച്ചിരുന്നുവെങ്കിലും കൃത്യമായി അതിസൂക്ഷ്മ കണങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ പ്രചാരത്തിലില്ലാതിരുന്നതിനാല്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പുതിയ മൈക്രോസ്കോപി സാങ്കേതിക കണ്ടെത്തിയാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്.
യുഎസില്‍ പ്രചാരത്തിലുള്ള മൂന്ന് ജനപ്രിയ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് ഗവേഷകര്‍ പഠനത്തിനായി എടുത്തത്. എന്നാലിത് ഏതൊക്കെ ബ്രാന്‍ഡാണെന്ന് വെളിപ്പെടുത്താന്‍ ഗവേഷകര്‍ തയ്യാറായിട്ടില്ല. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷത്തിയെഴുപതിനായിരം വരെ പ്ലാസ്റ്റിക് കണങ്ങളാണ് ഓരോ ലീറ്ററിലും കണ്ടെത്തിയത്. ഇതില്‍ 90 ശതമാനവും അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളായിരുന്നുവെന്നും പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
പ്രതിവര്‍ഷം 450 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും മണ്ണില്‍ നിക്ഷേപിക്കപ്പെടുകയാണ് പതിവ്. ഇങ്ങനെ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റികുകളില്‍ ഭൂരിഭാഗവും മണ്ണില്‍ അലിഞ്ഞ് ചേരാത്തവയാണ്. പക്ഷേ കാലാന്തരത്തില്‍ ഇവ പൊടിഞ്ഞ് കഷ്ണങ്ങളാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമായതോടെയാണ് കുപ്പിവെള്ളത്തില്‍ ഇവയുടെ സാന്നിധ്യമുണ്ടോയെന്നും ഇത്തരത്തില്‍ ഇത് മനുഷ്യശരീരത്തിലെത്തുന്നുണ്ടോയെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങിയത്. പൈപ്പുവെള്ളത്തില്‍ കാണുന്നതിനെക്കാള്‍ അധികം അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ കുപ്പിവെള്ളത്തിലുണ്ടെന്ന് 2021 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.