അഹ്മദാബാദ്: ബിൽക്കീസ് ബാനു കേസിൽ സുപ്രിംകോടതി വിധി ആഘോഷമാക്കി ബന്ധുക്കളും സാക്ഷിയും. പടക്കം പൊട്ടിച്ചാണ് കുടുംബം ആഘോഷിച്ചത്. ബാനുവിന് ഒടുവിൽ നീതി ലഭിച്ചിരിക്കുന്നുവെന്ന് കേസിൽ സാക്ഷിയായ അബ്ദുൽ റസാഖ് മൻസൂരി പറഞ്ഞു.
ദഹോഡ് ജില്ലയിലെ ദേവ്ഗധ് ബാരിയയിലാണു കുടുംബം കോടതിവിധി ആഘോഷമാക്കിയതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കേസിൽ നിർണായകമായ സുപ്രിംകോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നു ഗ്രാമം. വിധി വന്നതിനു പിന്നാലെ ബിൽകീസ് ബാനുവിന്റെ വീടിന്റെ പുറത്ത് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു ബന്ധുക്കൾ. കുട്ടികൾ ഉൾപ്പെടെ ആഘോഷത്തിന്റെ ഭാഗമായി.
”കേസിലെ സാക്ഷികളിലൊരാളാണ് ഞാൻ. മഹാരാഷ്ട്രാ കോടതിയിലാണ് കേസിൽ 11 പ്രതികൾക്കു ശിക്ഷ വിധിച്ചത്. എന്നാൽ, അവരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നു. അതുകൊണ്ടാണ് ഇതിനെ കോടതിയിൽ ചോദ്യംചെയ്തത്.”-അബ്ദുൽ റസാഖ് മൻസൂരി പറഞ്ഞു.
ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കി പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ട സുപ്രിംകോടതി വിധിയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഒടുവിൽ ഇന്നു നീതി ലഭിച്ചിരിക്കുകയാണെന്നും മൻസൂരി കൂട്ടിച്ചേർത്തു.
2002ൽ ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽകീസ് ബാനു കൂട്ടബലാത്സംഗത്തിനിരയാകുന്നത്. സംഭവത്തിൽ പ്രതികളായ 11 പേരെ നല്ല നടപ്പ് ചൂണ്ടിക്കാട്ടി 2022 ആഗസ്റ്റ് 15നു ഗുജറാത്ത് സർക്കാർ മോചിപ്പിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികദിനത്തിലായിരുന്നു ഇത്. പ്രതികളെ പൂമാലയിട്ടും മധുരം വിതരണം ചെയ്തുമാണ് നാട്ടിൽ സംഘ്പരിവാർ പ്രവർത്തകർ സ്വീകരിച്ചത്. ജയില്‍മോചിതരായ പ്രതികള്‍ക്ക് വി.എച്ച്.പി ഓഫിസിലും സ്വീകരണമൊരുക്കിയിരുന്നു.
എന്നാൽ, പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം ഇന്ന് സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലവും തടവിൽ കഴിഞ്ഞ സ്ഥലവും പ്രധാനമല്ല. വിചാരണ നടന്ന സ്ഥലമാണ് പ്രധാനം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അർഹതയില്ലെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസിൽ വിചാരണ നടന്നത് മഹാരാഷ്ട്രയിലായിരുന്നു. ഇതുകൊണ്ടാണ് പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണെന്നും ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതികൾ കുറ്റകൃത്യം നടത്തിയ രീതി ഭീകരവും ഭയപ്പെടുത്തുന്നതുമാണെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്നയും വിചാരണാവേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബിൽക്കീസ് ബാനു, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, സി.പി.എം പി.ബി അംഗം സുഭാഷിണി അലി എന്നിവരാണ് പ്രതികളുടെ മോചനം ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.
#WATCH | Firecrackers being burst outside the residence of Bilkis Bano in Devgadh Baria, Gujarat.
Supreme Court today quashed the Gujarat government's decision to grant remission to 11 convicts in the case of gangrape of Bilkis Bano. SC directed 11 convicts in Bilkis Bano case… pic.twitter.com/T7oxElwgcY
— ANI (@ANI) January 8, 2024