ബെളഗാവി (കർണാടക): മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കർണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. ക്ഷേത്രഭൂമിയിൽ നിർമിച്ചതെന്ന് ആരോപിക്കുന്ന പള്ളികളിൽനിന്ന് മുസ്‍ലിംകൾ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കിൽ എന്ത് സംഭവിക്കുമെന്നോ എത്രപേർ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബെളഗാവിയിൽ ഹിന്ദുത്വ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ.
‘മഥുര ഉൾപ്പെടെ രണ്ടിടങ്ങൾ കൂടി പരിഗണനയിലുണ്ട്. ഇന്നോ നാളെയോ ആകട്ടെ, കോടതി വിധി വന്നാൽ ക്ഷേത്ര നിർമാണവുമായി മുന്നോട്ട് പോകും. അതിൽ ഒരു സംശയവും വേണ്ട. അത്തരം മസ്ജിദുകൾ നിർമിച്ച പ്രദേശങ്ങളിൽ, നിങ്ങൾ (മുസ്‍ലിംകൾ) സ്വമേധയാ ഒഴിഞ്ഞാൽ അത് പ്രയോജനകരമാകും. അല്ലെങ്കിൽ, എത്രപേർ കൊല്ലപ്പെടും, എന്തെല്ലാം സംഭവിക്കും എന്നതുൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ ഞങ്ങൾക്കറിയില്ല’, അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഴിമതി ആരോപണങ്ങളിൽ കുടുങ്ങി മന്ത്രിപദവി നഷ്ടമായ ഈശ്വരപ്പ വിദ്വേഷ പ്രസംഗങ്ങളിലൂടെ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്നയാളാണ്. ‘ക്ഷേത്രങ്ങൾ നശിപ്പിച്ച് നിർമിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനിൽക്കില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുകയും പറയുകയും ചെയ്യും’ -എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഡിസംബറിൽ ഗദഗിൽ നടത്തിയ പ്രസംഗം. നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് ശിവമൊഗ്ഗയിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പിൽ ഒറ്റ മുസ്‍ലിം വോട്ട് പോലും ഞങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞും ഈശ്വരപ്പ വിവാദമുണ്ടാക്കിയിരുന്നു. ‘60,000- 65,000 മുസ്‍ലിം വോട്ടുകൾ ശിവമൊഗ്ഗയിൽ ഉണ്ട്. തുറന്നുപറയാൻ ആഗ്രഹിക്കുകയാണ്. അതിൽ ഒറ്റ വോട്ടുപോലും വേണ്ട. തീർച്ചയായും ഞങ്ങളുടെ സഹായം ലഭിച്ച മുസ്‍ലിംകളുണ്ട്. അവർ ഞങ്ങൾക്ക് വോട്ട് ചെയ്യും. ദേശീയ മുസ്‍ലിംകൾ തീർച്ചയായും ബി.ജെ.പിക്കാകും വോട്ടുചെയ്യുക’ -എന്നിങ്ങനെയായിരുന്നു പ്രസംഗം.