ടെസ്റ്റ് കര്‍ശനം, ഓടിക്കാന്‍ അറിയുന്നവര്‍ക്ക് മാത്രം ലൈസന്‍സ്; ഗിന്നസ് റെക്കോഡ് വേണ്ട-ഗണേഷ്‌

0
140

ഡ്രൈവിങ്ങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ കര്‍ശനമാക്കുമെന്നും ഈ ആഴ്ച മുതല്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ലൈസന്‍സുള്ള പല ആളുകള്‍ക്കും ഡ്രൈവിങ്ങ് അറിയാമെങ്കിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ അറിയാത്ത സാഹചര്യമുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന 500 ലൈസന്‍സ് കൊടുത്ത് ഗിന്നസ് ബുക്കില്‍ കയറണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് യാതൊരു ആഗ്രഹവുമില്ല. അതുകൊണ്ടുതന്നെ കര്‍ശനമായ ടെസ്റ്റുകള്‍ക്ക് ശേഷവുമായിരിക്കും ലൈസന്‍സ് അനുവദിക്കുന്നത്. വാഹനാപകടമുണ്ടായി ആളുകള്‍ മരിച്ചു, ഡ്രൈവറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു തുടങ്ങിയ വാര്‍ത്തകള്‍ എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്താല്‍ അവര്‍ വേറെ എവിടെയെങ്കിലും പോയി ലൈസന്‍സ് ഒപ്പിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡ്രൈവിങ്ങ് ലൈസന്‍സ് എന്ന് പറഞ്ഞാല്‍ വാഹനമോടിക്കാന്‍ അറിയുന്നവരായിരിക്കണം. വെറുതെ എച്ച് എടുത്ത് കാണിച്ചത് കൊണ്ടുമാത്രം ലൈസന്‍സ് നല്‍കില്ല. വണ്ടി തിരിച്ച് ഇടണം, റിവേഴ്‌സ് കയറ്റി പാര്‍ക്ക് ചെയ്യണം, കൃത്യമായി വാഹനം പാര്‍ക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തണം. ഇതിനൊപ്പം ടെസ്റ്റിനെത്തുന്ന വാഹനങ്ങള്‍ക്കുള്ള ക്യാമറകള്‍ ഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.

സാധാരണ നിലയില്‍ ടെസ്റ്റ് നടത്തുന്നത് ഡ്രൈവിങ്ങ് സ്‌കൂളുകളുടെ വാഹനങ്ങളിലാണ്. ടെസ്റ്റ് നടത്തുന്ന സമയത്ത് സ്ത്രീകളോട് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ കയര്‍ത്ത് സംസാരിക്കുന്നെന്ന് പരാതികളുണ്ട്. സ്ത്രീകളോടും പുരുഷന്‍മാരോടും ഉദ്യോഗസ്ഥര്‍ ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് ക്യാമറകള്‍ നല്‍കുന്നത്. ലൈസന്‍സ് എടുക്കാനെത്തുന്ന ആളുകളോട് കൃത്യമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിനും മറ്റും തടസ്സങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ലൈസന്‍സ് വളരെ അന്തസുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് ആയിരിക്കും. കുറവ് ലൈസന്‍സ് നല്‍കുന്നത് ഒരു ജനകീയ പ്രശ്‌നമല്ല, മറിച്ച് ഇത് ജീവന്റെ പ്രശ്‌നമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വ്യാപകമായി ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ ഈ സ്ഥാനത്തുണ്ടാവില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇവിടെ നിരവധി ആളുകള്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കിലും പലര്‍ക്കും ലൈസന്‍സ് എടുത്തതിന് ശേഷം വാഹനം ഓടിക്കാത്ത ആളുകള്‍ നിരവധി ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here