44 കോടി സ്വന്തമാക്കി മുനവര്‍; ഒരു മലയാളി അടക്കം മൂന്ന് ഇന്ത്യക്കാര്‍ക്ക് യുഎഇ ബിഗ് ടിക്കറ്റ് സമ്മാനം !

0
314

മുനവര്‍ ഫിറോസിന് 2023 ഡിസംബര്‍ 31 ജീവിതത്തില്‍ നിന്ന് ഒരിക്കലും മറക്കാന്‍ കഴിയില്ല. ജീവിതത്തിന്‍റ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട മുനവര്‍, കുടുംബം പുലര്‍ത്താനായിരുന്നു യുഎഇയിലേക്ക് പ്രവാസിയായി വിമാനം കയറിയത്. തന്‍റെ ജീവിതം തന്നെ സ്വപ്നസമാനമാക്കുമെന്ന് അപ്പോഴൊന്നും മുനവര്‍ കരുതിയിരുന്നില്ല. എന്തിന് ഡിസംബര്‍ 31 ന് താനെടുത്ത ബിഗ് ടിക്കറ്റ് ലോട്ടറി റിസള്‍ട്ട് പ്രഖ്യാപിക്കും വരെ മുനവറിന് തന്‍റെ വിദൂര സ്വപ്നത്തില്‍ പോലും അങ്ങനൊന്ന് കരുതിയിരിക്കാന്‍ ഇടയില്ല. ഒറ്റ രാത്രി മാറി മറിഞ്ഞ് ലോകം പുതുവത്സരത്തെ വരവേല്‍ക്കുമ്പോള്‍ മുനവര്‍ ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനായി മാറിയിരുന്നു. അദ്ദേഹത്തെ തേടിയെത്തിയത് ഒന്നും രണ്ടുമല്ല, 44 കോടിയുടെ ഭാഗ്യസമ്മാനമാണ്. ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹത്തിന്‍റെ ജാക്ക്പോട്ട് സമ്മാനം.

പക്ഷേ, മുനവര്‍ ഒറ്റയ്ക്കല്ല ലോട്ടറി എടുത്തത്. അതിനുള്ള പണം മുനവറിന്‍റെ കൈയില്‍ ഇല്ലായിരുന്നു. ടിക്കറ്റ് എടുത്തത് മുനവറും ഒപ്പം ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായ മുപ്പത് പേര്‍ ചേര്‍ന്നാണ്. 44 കോടി രൂപ 30 പേരുമായി തുല്യമായി പങ്കിടുമെന്ന് മുനവര്‍ പറയുന്നു. യുഎഇയിലെ അൽ ഐനിൽ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുനവർ.  “എനിക്ക് ഇപ്പോഴും ഉറപ്പില്ല, കാരണം, ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. എന്‍റെ ആവശ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ എനിക്ക് കുറച്ച് സമയം ആവശ്യമാണ്.”  സന്തോഷം പങ്കുവയ്ക്കാനെത്തിയ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. മുനവറിനെ കൂടാതെ ഇന്ത്യ, പലസ്തീന്‍, ലെബനീസ്, സൗദി അറേബ്യന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 10 പേര്‍ക്ക് 1,00,000 യുഎഇ ദിര്‍ഹം ( ഏകദേശം 22 ലക്ഷം രൂപ) സമ്മാനം നേടി.

ഒപ്പം മറ്റൊരു ഇന്ത്യക്കാരനായ സുതേഷ് കുമാർ കുമരേശന് ഒരു ദശലക്ഷം (2,26,68,500 രൂപ.) യുഎഇ ദിർഹത്തിന്‍റെ ലോട്ടറി സമ്മാനം ലഭിച്ചു. അബുദാബിയിൽ താമസിക്കുന്ന സുതേഷ് കുമാർ ഇത്തിഹാദ് എയർവേയ്സിൽ എഞ്ചിനീയറാണ്.  “എന്‍റെ ഏഴ് വയസ്സുള്ള മകളാണ് യഥാർത്ഥത്തിൽ വിജയിച്ച ടിക്കറ്റ് എടുത്തത്. എന്‍റെ കുടുംബം വിജയത്തിൽ വളരെ ആവേശത്തിലാണ്.  ഞങ്ങൾ ഇന്ത്യയിൽ ഒരു വീട് വാങ്ങി, പലിശ അടയ്ക്കാൻ സമ്മാനത്തുക ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു.’ സുതേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു മലയാളിയും ബിഗ് ടിക്കറ്റില്‍ വിജയം നേടി. നാലുപുരയ്ക്കൽ കീഴത്ത് ഷംസീറിനാണ്  ഒരു ദശലക്ഷം ദിർഹം (2,26,68,500 രൂപ.) സമ്മാനം നേടിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. “നിരവധി മലയാളികൾക്ക് ബിഗ് ടിക്കറ്റ് ലഭിച്ചത് കണ്ട് ഭാഗ്യം പരീക്ഷിക്കാൻ ശ്രമിച്ചതാണ്. ഇത് അഞ്ചാം തവണയാണ് ബിഗ് ടിക്കറ്റുകൾ വാങ്ങുന്നത്. ഈ മാസം, ഞങ്ങൾക്ക് ഇമെയിൽ വഴി പ്രത്യേക ഓഫർ ലഭിച്ചു. അതുകൊണ്ട് 2023 ലെ അവസാന ടിക്കറ്റ് വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ബിഗ് ടിക്കറ്റിനോട് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. സമ്മാനത്തുക കൊണ്ട്  സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ ശ്രമിക്കും. എല്ലാ ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോടും എന്‍റെ ഉപദേശം ടിക്കറ്റ് എടുക്കുന്നത് ഉപേക്ഷിക്കരുത് എന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here