ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കലാപക്കേസിലെ പ്രതി 30 കൊല്ലത്തിനുശേഷം അറസ്റ്റില്‍

0
173

ബെംഗളൂരു: ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളില്‍ പങ്കാളിയായ കര്‍ണാടക സ്വദേശിയെ 30 കൊല്ലത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. 1992ല്‍ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കാളിയായ പൂജാരി (50) യെയാണ് അറസ്റ്റ് ചെയ്തത്.

പൂജാരി പ്രതിയായ കേസ് ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒന്നായതിനാലാണ് അറസ്റ്റ് വൈകിയതെന്നാണ് പോലീസ് ഭാഷ്യം. ഇത്തരത്തിലുള്ള അറസ്റ്റ് പതിവാണെന്നും ഇതില്‍ അസ്വാഭാവികമായതൊന്നുമില്ലെന്നും ഹുബ്ബള്ളി-ധര്‍വാദ് പോലീസ് കമ്മിഷണര്‍ രേണുക സുകുമാര്‍ പ്രതികരിച്ചു.

2006 ലാണ് ഈ കേസ് ലോങ്-പെന്‍ഡിങ് കേസായി പോലീസ് രേഖപ്പെടുത്തിയതെന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാനമായ 37കേസുകളില്‍ തീര്‍പ്പുണ്ടാക്കിയതായും കമ്മിഷണര്‍ വ്യക്തമാക്കി. അറസ്റ്റിനുശേഷം പൂജാരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 16-ാംനൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബ്‌റി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ശ്രീരാമന്റെ ജനനസ്ഥലമാണെന്ന് വാദിച്ചായിരുന്നു മസ്ജിദ്‌ തകര്‍ത്തത്. മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥവകാശം സംബന്ധിച്ച തര്‍ക്കം 2019 വരെ കോടതിയില്‍ തുടര്‍ന്നു. ഒടുവില്‍ മസ്ജിദ് പണികഴിപ്പിക്കാന്‍ മറ്റൊരു സ്ഥലം അനുവദിച്ച് തര്‍ക്കപ്രദേശത്ത് ക്ഷേത്രം പണിയാനുള്ള അനുമതി സുപ്രീം കോടതി അന്തിമവിധിയിലൂടെ നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here