തിരുവനന്തപുരം: തിരുവല്ലം സ്വദേശിനി ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ. കടയ്ക്കൽ സ്റ്റേഷനിലെ പൊലീസുകാരൻ നവാസിനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തത്. ഭർത്താവ് നൗഫലിന്‍റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടർന്നാണ് ഷഹ്ന വീട്ടിനുള്ളിൽ ആത്ഹത്യ ചെയ്തത്.
ഭർതൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷഹ്ന നേരിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഷെഹ്ന തൂങ്ങിമരിച്ചത്. ഇതിന് ശേഷം പ്രതികളായ ഭർത്താവ് നൗഫലും, അമ്മ സുനിതയും ഒളിവിൽ പോയിരുന്നു. കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികള്‍ കടയ്ക്കലുള്ള ബന്ധവീട്ടിലുണ്ടെന്ന് തിരുവല്ലം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ പിടികൂടാൻ കടയ്ക്കൽ പൊലീസിന്‍റെ സഹായം തേടി. മൊബൈൽ ലൊക്കേഷനും നൽകി. പക്ഷ സ്റ്റേഷനിലുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ പൊലീസുകാരൻ നവാസ് കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളോട് ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംസ്ഥാന വിട്ട പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ട് ഫോർട്ട് അസി.കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തിരുവല്ലം ഇൻസ്പെക്ടർ രാഹുല്‍ രവീന്ദ്രന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.