മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നര കിലോയിലധികം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയിൽ മുഹമ്മദ് ജിയാദ് (24), കാസർകോട് പള്ളിക്കര സ്വദേശി അഷ്റഫ് (30) എന്നിവരാണ് പിടിയിലായത്.
ബ്രെഡ് ടോസ്റ്റിന് അകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് രണ്ട് പേരിൽ നിന്ന് ഒന്നര കിലോയിലധികം സ്വർണം പിടികൂടിയത്. ഏതാണ്ട് 88 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
അതേസമയം, കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തൽ വ്യാപകമാവുകയാണ്. ഇത് സംബന്ധിച്ച് അടുത്തിടെ നിരവധി വാർത്തകളാണ് പുറത്തുവന്നത്. നിരവധി രീതിയിലാണ് ആളുകൾ ഇതുവഴി സ്വർണം കടത്താൻ ശ്രമിക്കുന്നത്. ശരീരത്തിലും മിക്സിയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേരെ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശി അമീർ പത്തായക്കണ്ടി, കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്.