ദുബായ്: പ്രവാസ ജീവിതത്തിൽ 50 വർഷം തികച്ചിരിക്കുകയാണ് മലയാളി വ്യവസായി എം എ യൂസഫലി. അഹമ്മദാബാദിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായി, മുംബൈ തുറമുഖത്ത് നിന്ന് 1973 ൽ തുടങ്ങിയ യാത്ര അന്‍പത് വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അന്നു തൊട്ടിന്നോളം പോയ രാജ്യങ്ങളുടെ സീൽ പതിഞ്ഞു തീർന്ന പാസ്പോർട്ടുകൾ 42 എണ്ണമാണ്. ആദ്യത്തെ പാസ്പോർട്ട് പൊന്ന് പോലെ കൊണ്ടു നടക്കുന്നുണ്ട് യൂസഫലി. എം എ യൂസഫലി പോയ നാടുകളിലെല്ലാം ലുലു ഗ്രൂപ്പ് വളർന്നു.
46 രാജ്യങ്ങളിൽ നിന്നായി 69,000ത്തിന് മേൽ ജീവനക്കാരായി. അബുദാബിയാണ് ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം. യാത്രകളിലല്ലാത്ത ദിവസങ്ങളിലെല്ലാം ഓഫീസിലെത്തുകയും കാര്യങ്ങൾ നേരിട്ട് ചെയ്യുകയുമാണ് യൂസഫലിയുടെ 50 കൊല്ലത്തെ മുടങ്ങാത്ത ചിട്ട. റിട്ടയർമെന്റ് പ്ലാൻ പോലും ആലോചനയിലില്ലാത്ത കഠിനാധ്വാനമെന്ന ഒറ്റ മന്ത്രമാണ് യുസഫലിയുടേത്. ലോകമെമ്പാടും 300 ഹൈപ്പർ മാർക്കറ്റുകൾ എന്നതാണ് ഏറ്റവുമടുത്ത ലക്ഷ്യമെന്നാണ് യൂസഫലി വിശദമാക്കുന്നത്.
50 കൊല്ലവും വീഴാതെ വളർത്തിയ അറബ് മണ്ണിനോട് നന്ദി പ്രകടിപ്പിച്ച് പ്രവാസത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യൂസഫലി കൂടിക്കാഴ്ച്ച നടത്തി. ആദ്യയാത്ര മുതൽ നിധിപോലെ സൂക്ഷിക്കുന്ന യൂസഫലിയുടെ പാസ്പോർട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഏറെ കൌതുകത്തോടെയാണ് നോക്കിയത്.