കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും ഓരോ നയം ഉണ്ടാകുമെന്നും അതനുസരിച്ച് അവർ നിലപാടെടുക്കട്ടെയെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. അതാതു രാഷ്ട്രീയ പാർട്ടികൾ അവരുടെ നയം അനുസരിച്ച് ക്ഷണം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. സമസ്തയ്ക്ക് അതിൽ അഭിപ്രായം പറയേണ്ടതില്ല. പറയില്ല- അദ്ദേഹം വ്യക്തമാക്കി.
സുപ്രഭാതം പത്രത്തിലെ ലേഖനം സമസ്തയുടെ നിലപാട് അല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സുപ്രഭാതം പത്രത്തിൽ രാമക്ഷേത്ര ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നതിനെ വിമർശിച്ച് വന്ന ലേഖനത്തെ കുറിച്ചായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. കോഴിക്കോട്ട് മുഴുവൻ സമസ്ത പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്ത നേതൃയോഗത്തിനു ശേഷമാണ് സമസ്ത അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്.
കോൺഗ്രസിന് പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. അതെല്ലാം അവരുടെ തീരുമാനം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. സമസ്ത നൂറാം വാർഷികാഘോഷ പരിപാടികൾ വിലയിരുത്താനാണ് യോഗം ചേർന്നത്. 2026ലാണ് പരിപാടികൾ. അതിന്റെ ഉദ്ഘാടനം ജനുവരിയിൽ ബെംഗളൂരുവിൽ നടക്കും. ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിൽ കർണാടക മുഖ്യമന്ത്രിയെ അടക്കം പങ്കെടുപ്പിക്കാനും സമസ്ത ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹമീദ് ഫൈസി അമ്പലക്കടവിന്റെ പ്രസ്താവനയ്‌ക്കെതിരായ മന്ത്രി വി. അബ്ദുർറഹ്മാന്റെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിന്, ആ വിഷയം അവസാനിച്ചു എന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. സ്വന്തം മതവിശ്വാസങ്ങളെയും ആചാരങ്ങളേയും ബാധിക്കാത്ത തരത്തിൽ മറ്റു മതസ്ഥരുടെ ആഘോഷപരിപാടികളിൽ പങ്കെടുക്കാം എന്നും അദ്ദേഹം പ്രതികരിച്ചു.