രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടുന്നു ;മംഗളൂരു-ഗോവ വന്ദേ ഭാരത് നാളെ തുടങ്ങും

0
203

കണ്ണൂർ: രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് സർവീസ് നീട്ടുന്നു. കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) ആണ് ജനുവരി ആദ്യവാരംമുതൽ മംഗളൂരുവിൽനിന്ന് പുറപ്പെടുക. കാസർകോട്-മംഗളൂരു 46 കിലോമീറ്ററിൽ ഉടൻ പരീക്ഷണ ഓട്ടം നടത്തും.

മംഗളൂരു-ഗോവ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനുശേഷമായിരിക്കും ഇത്. സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ വന്ദേഭാരത് രാവിലെ ഏഴിനാണ് കാസർകോടുനിന്ന് ആരംഭിക്കുന്നത്. കാസർകോടുനിന്ന് മംഗളൂരുവിലേക്ക് അരമണിക്കൂർ മതി.

മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ 615 കിലോമീറ്ററാണ് വരുന്നത്. ഇന്ത്യയിൽ പല വന്ദേഭാരതും ദിവസം 600 കിലോമീറ്ററിനുമുകളിൽ യാത്രചെയ്യുന്നുണ്ട്. പിറ്റ് ലൈൻ സൗകര്യവും മംഗളൂരുവിലുണ്ട്.

കാസർകോട്ടേക്ക് വന്ദേ ഭാരത് നീട്ടിയപ്പോൾ റെയിൽവേക്കുമുന്നിലുണ്ടായിരുന്ന പ്രധാനവിഷയം സുരക്ഷയായിരുന്നു. യാർഡോ സൗകര്യം ഇവിടെയില്ല. താത്കാലിക സംവിധാനം ഒരുക്കിയാണ് വണ്ടിയിൽ വെള്ളംനിറയ്ക്കുന്നത്. കോച്ച് ശുചീകരണം നടത്തുന്നത് മംഗളൂരുവിൽനിന്നുള്ള മെക്കാനിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണത്തൊഴിലാളികളെ കാസർകോട് എത്തിച്ചാണ്. യാത്രക്കാർക്കുള്ള വിശ്രമമുറിയിലായിരുന്നു ലോക്കോപൈലറ്റുമാരും ഉദ്യോഗസ്ഥരും രാത്രി വിശ്രമിച്ചിരുന്നത്. ഇതു പരാതിക്കിടയാക്കിയിരുന്നു. മംഗളൂരുവിലേക്ക് വന്ദേ ഭാരത് നീട്ടുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

മംഗളൂരു-ഗോവ ഞായർ മുതൽ

മംഗളൂരു-ഗോവ-മംഗളൂരു-വന്ദേഭാരത് (20646/20645) ഞായറാഴ്ച ആദ്യസർവീസ് തുടങ്ങും. ശനിയാഴ്ച രാവിലെ 11-ന് പ്രധാനമന്ത്രി ഫ്‍ളാഗ് ഓഫ് ചെയ്യും. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഓടും. രാവിലെ 8.30-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. തൊക്കൂർ, ഉഡുപ്പി, കാർവർ എന്നിവയാണ് സ്റ്റോപ്പ്. ഉച്ചയ്ക്ക് 1.15-ന് ഗോവയിലെത്തും. വൈകീട്ട് 6.10-ന് ഗോവയിൽനിന്ന് പുറപ്പെട്ട് രാത്രി 10.45-ന് മംഗളൂരുവിൽ എത്തും. എട്ടു കോച്ചുകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here