വയസ് 20, കുത്തിത്തുറന്നത് 12 വീടുകൾ, കാപ്പ തടവിന് പിന്നാലെ വീണ്ടും മോഷണം, ആസിഫിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

0
167

കണ്ണൂർ: വീടുകളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ടൗൺ പൊലീസിന്‍റെ പിടിയിലായി. പത്തിലധികം കേസുകളിൽ പ്രതിയായ 20കാരൻ ആസിഫാണ് വലയിലായത്. റെയിൽവെ ട്രാക്കിലൂടെ കണ്ണൂരിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഗട്ടൻ വളപ്പിലെ ആസിഫ്. ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലാണ് പ്രതിയായിട്ടുള്ളത്.

ആറ് മാസത്തെ കാപ്പ തടവിന് ശേഷം ഈ മാസം 16നാണ് ആസിഫ് പുറത്തിറങ്ങിയത്. തൃശ്ശൂരിലെ അതി സുരക്ഷാ ജയിലിലായിരുന്നു. പുറത്തിറങ്ങി ഒരാഴ്ചക്കുളളിലാണ് കണ്ണൂരിൽ രണ്ട് വീടുകളിൽ ആസിഫ് കവർച്ച നടത്തിയത്. ശനിയാഴ്ച പാപ്പിനിശ്ശേരിയിൽ നിന്ന് 11 പവനും, ഞായറാഴ്ച പളളിക്കുന്നിൽ റിട്ടയേഡ് ബാങ്ക് മാനേജരുടെ വീട്ടിൽ നിന്ന് 19 പവൻ സ്വർണവും കവർന്നു.വിലപിടിച്ച വാച്ചുകളും മോഷ്ടിച്ചു. സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളമാണ് നിർണായകമായത്.

കെ 9 സ്ക്വാഡിലെ റിക്കി എന്ന നായയും സഹായിച്ചു. പ്രതി സഞ്ചരിച്ച വഴി കണ്ടെത്താൻ പൊലീസിനായി. അങ്ങനെയാണ് നിലേശ്വരത്ത് ആസിഫ് പിടിയിലാകുന്നത്. പൊലീസിനെ കണ്ടപ്പോൾ സമീപത്തെ റെയിൽപാളത്തിലൂടെ പ്രതി ഓടി. സാഹസികമായി പിന്തുടർന്ന് ടൗൺ പൊലീസ് പിടികൂടി. പകൽ സമയത്താണ് കവർച്ചകൾ എന്നതാണ് ആസിഫിന്‍റെ പ്രത്യേകത. പൂട്ടിയിട്ട വീടുകളാണ് ലക്ഷ്യം. പഴയങ്ങാടി, ചീമേനി, ചന്ദേര, കാസർകോട് സ്റ്റേഷനുകളിലെല്ലാം ഇയാൾക്കെതിരെ കേസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here