രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജ ക്യൂ ആര്‍ കോഡാണ് സ്കാന്‍ ചെയ്യുന്നതെന്ന് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാരുടെ യുആര്‍എല്ലുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് വഴി ഇവരുടെ ഇ-മെയില്‍, സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ എന്നിവയിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശിക്കാനും സാധിക്കും.