മലപ്പുറം: പ്രാങ്ക് വീഡിയോയ്ക്കുവേണ്ടി ഇരുചക്രവാഹനത്തിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരെ താനൂർ പൊലീസ് അറസ്റ്റുചെയ്തു. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീർ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ താനൂർ-പരപ്പനങ്ങാടി തീരദേശ റോഡിൽ ഫക്കീർപള്ളി പരിസരത്തുവച്ചായിരുന്നു സംഭവം. കുട്ടികളുടെ അയൽവാസികളാണ് പിടിയിലായ യുവാക്കൾ.എന്നാണ് പൊലീസ് പറയുന്നത്.
മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവച്ചായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വെള്ള സ്കൂട്ടറിലാണ് യുവാക്കൾ എത്തിയത്. പുറകിലിരുന്ന യുവാവാണ് കുട്ടികളെ സമീപിച്ചത്. ഭയന്നുപോയ കുട്ടികൾ ബഹളം വയ്ക്കാനും എതിർക്കാനും ശ്രമിച്ചതോടെ യുവാക്കൾ സ്ഥലംവിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പരിഭ്രാന്തി കടുത്തു. പട്ടാപ്പകൽ കുട്ടികളെ തട്ടിക്കൊുപോകാൻ ശ്രമം എന്നരീതിയാണ് വീഡിയോ പ്രചരിച്ചത്. ഇതിനിടെ രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. കൊല്ലത്തെ തട്ടിക്കൊണ്ടുപോകലിന്റെ പശ്ചാത്തലത്തിൽ ഉണർന്നുപ്രവർത്തിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ യുവാക്കളെ അറസ്റ്റുചെയ്യുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പ്രാങ്ക് വീഡിയോ ചിത്രീകരിക്കാനാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യുവാക്കൾ പറഞ്ഞത്. ഇതോടെ യുവാക്കളെ ജാമ്യത്തിൽ വിട്ടയച്ചു.
തമാശാരൂപത്തിലോ ഹാസ്യപരിപാടികൾക്കായോ ചിത്രീകരിക്കുന്ന വീഡിയോകളാണ് പ്രാങ്ക് വീഡിയോ എന്ന് അറിയപ്പെടുന്നത്. “പ്രാക്ടിക്കൽ ജോക്ക്” എന്നതിന്റെ ചുരുക്കെഴുത്താണ് പ്രാങ്ക്. നിരവധി യുട്യൂബ് ചാനലുകളിൽ ഇത്തരത്തിലുള്ള വീഡിയോകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.