മെൽബൺ: ഗസ ഐക്യദാർഢ്യത്തിൽ ഐസിസി വിലക്ക് നേരിട്ട സഹതാരം ഉസ്മാൻ ഖ്വാജക്ക് പിന്തുണയുമായി ആസ്‌ത്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രംഗത്ത്. ഗസ ഐക്യദാർഢ്യവുമായി സമാധാന സന്ദേശവും അടയാളവും പ്രദർശിപ്പിച്ച സംഭവത്തിലാണ് ഐസിസി നിലപാടെടുത്തത്.
മാനുഷിക സന്ദേശങ്ങൾ കളിക്കളത്തിൽ പ്രകടിപ്പിക്കാൻ പാടില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. എന്നാൽ മത്സരത്തിൽ കറുത്ത ആംബാൻഡ് ധരിച്ചാണ് ഓസീസ് ഓപ്പണർ ഗ്രൗണ്ടിൽ ഇറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കമ്മിൻസ് പിന്തുണ പരസ്യമാക്കിയത്.
തന്റെ വിശ്വാസത്തിനും ബോധ്യങ്ങൾക്കുമൊപ്പമാണ് അദ്ദേഹം നിലകൊള്ളുന്നതെന്നും അതുമാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും കമ്മിൻസ് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയൻ താരമായ മാർനസ് ലബുഷെയ്ൻ തന്റെ ബാറ്റിൽ ബൈബിൾ വാക്യവുമായി ബന്ധപ്പെട്ട കഴുകന്റെ ചിഹ്നം ഉപയോഗിച്ചതും ഉസ്മാൻ ഖ്വാജ സമാധാന സന്ദേശമായ പ്രാവിന്റെ ചിഹ്നം ഉപയോഗിച്ചതും തമ്മിൽ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ലെന്നും ഓസീസ് ക്യാപ്റ്റൻ വ്യക്തമാക്കി. ഓസ്‌ട്രേലിയ-പാക്കിസ്താൻ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും. ആദ്യമാച്ചിൽ തോൽവിനേരിട്ട പാക്കിസ്താന് പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് വിജയം അനിവാര്യമാണ്.