ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എയെ നിയമസഭയില്‍ നിന്ന് പുറത്താക്കി. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള രാംദുലാര്‍ ഗോണ്ടിനാണ് ബലാത്സംഗക്കേസില്‍ കോടതി ശിക്ഷ വിധിച്ചത്.
കോടതി വിധി വന്നതിന് പിന്നാലെയാണ് യുപി നിയമസഭയില്‍ നിന്ന് ഇയാളെ പുറത്താക്കിയത്. 2014ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസില്‍ ഗോണ്ടിന് 25 വര്‍ഷത്തെ തടവും 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ വെള്ളിയാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
സോന്‍ഭദ്രയിലെ എംപി-എംഎല്‍എ കോടതിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അഹ്‌സന്‍ ഉല്ലാ ഖാന്‍ ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതി വിധിയില്‍ അതിജീവിതയുടെ കുടുംബം തൃപ്തി അറിയിച്ചു. കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് അംഗത്വം നഷ്ടപ്പെടുന്ന യുപിയിലെ എട്ടാമത്തെ നിയമസഭാംഗമാണ് രാംദുലാര്‍ ഗോണ്ട്.