ന്യൂഡല്‍ഹി: കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിന് അധികാരം ഉറപ്പാക്കിയ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കൊപ്പം ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി കേന്ദീകരിച്ച് വൈകാതെ കോണ്‍ഗ്രസ് വാര്‍ റൂം തുറക്കും. സുനില്‍ കനുഗോലു ആയിരിക്കും വാര്‍ റൂം നിയന്ത്രിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അടുത്തവര്‍ഷം ഹരിയാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍കൂടി കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് കനുഗോലു ആയിരിക്കും ചുക്കാന്‍ പിടിക്കുക.
കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുമായി കനുഗോലു നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ജയ്‌റാം രമേശ്, പവന്‍ ഖേര, സുപ്രിയ ശ്രിനാറ്റെ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കാളികളായി.
കര്‍ണാടകയില്‍ മൂന്നരപതിറ്റാണ്ടിനിടെയുള്ള റെക്കോഡ് വിജയുമായി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചതോടെയാണ് തെലങ്കാനയിലെ പ്രചാരണതന്ത്രങ്ങള്‍ മെനയാനും പാര്‍ട്ടി കനുഗോലുവിനെ ചുമതലപ്പെടുത്തിയത്. കനുഗോലുവിന്റെ തന്ത്രങ്ങള്‍ തെലങ്കാന രൂപീകൃതമായ ശേഷം ആദ്യമായി കോണ്‍ഗ്രസിനെ അധികാരത്തിലേറാന്‍ സഹായിച്ചു. ഈ പ്രതീക്ഷയാണ് നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിലും കനുഗോലുവിന്റെ സഹായം തേടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ടാസ്‌ക് ഫോഴ്‌സ് അംഗമായി നേരത്തെ തന്നെ കനുഗോലുവിനെ കോണ്‍ഗ്രസ് നിയമിച്ചിരുന്നു. പി. ചിദംബരം, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ്, കെ.സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്.
2014ല്‍ നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ടീമിലെ പധാനിയായിരുന്നു കര്‍ണാടക സ്വദേശിയായ സുനില്‍ കനുഗോലു. നേരത്തെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും കനുഗോലു നേതൃത്വം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ, അണ്ണാ ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് കര്‍ണാടകയിലെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുമതല കോണ്‍ഗ്രസ് കനുഗോലുവിനെ ഏല്‍പ്പിച്ചത്. തെരഞ്ഞെടുപ്പിന് കൃത്യം ഒരുവര്‍ഷം മുമ്പ് തന്നെ കനുഗോലുവും സംഘവും പ്രവര്‍ത്തനം തുടങ്ങി. ആദ്യ എട്ട് മാസത്തിനിടെ താഴെത്തട്ടില്‍ പോയി അഞ്ചുസര്‍വെകള്‍ സംഘടിപ്പിച്ച് അതിലെ ഫലത്തിനുസരിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയം, ഓരോ മണ്ഡലങ്ങളിലും ഉയര്‍ത്തേണ്ട വിഷയങ്ങള്‍, പ്രചാരകര്‍ ആരെല്ലാം എന്നീ കാര്യങ്ങളിലെല്ലാം തീരുമാനമെടുത്തത് ഈ സര്‍വേകളിലെ ഫലം ആശ്രയിച്ചായിരുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയവും സാമൂഹികവും വര്‍ഗീയവുമായ വിഷയങ്ങള്‍ ചര്‍ച്ചയാക്കിയപ്പോള്‍ പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോയതുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. പാര്‍ട്ടിയുടെ സമീപകാല ചരിത്രത്തില്‍ അസാധാരണമായിരുന്നു ഇത്. ഇതേ പ്രചാരണരീതിയാണ് തെലങ്കാനയിലും കോണ്‍ഗ്രസ് നടത്തിയത്. വികസനോന്‍മുഖ, ജനകീയ വിഷയങ്ങളാണ് ഇവിടെ ഉയര്‍ത്തിയത്. സമാനമായ തന്ത്രമാകും കനുഗോലു പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി സ്വീകരിക്കുക.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ആസൂത്രകനും കനുഗോലു ആയിരുന്നു.