കോവിഡ്: ദക്ഷിണ കന്നഡയുടെ അഞ്ച് അതിർത്തികളിൽ ചെക്പോസ്റ്റ് തുറന്നു

0
198

മംഗളൂരു : ഒമിക്രോൺ വകഭേദമായ ജെ.എൻ.-ഒന്ന് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ അഞ്ചിടങ്ങളിൽ പ്രത്യേക നിരീക്ഷണം തുടങ്ങി. ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.

തലപ്പാടി, ബണ്ട്വാളിലെ സറഡ്ക്ക, പുത്തൂരിലെ സ്വർഗ, സുള്ള്യപദവ്, സുള്ള്യ ജാൽസൂർ എന്നിവിടങ്ങളിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചത്. ഇവിടങ്ങളിലെല്ലാം ആരോഗ്യവകുപ്പ് ജീവനക്കാരെ നിയമിച്ച് ഉച്ചഭാഷിണിവഴി ബോധവത്കരണം നടക്കുന്നുണ്ട്.

ദക്ഷിണ കന്നഡയിൽ ഇതുവരെ ഒമിക്രോൺ ജെ.എൻ.-ഒന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ. എച്ച്.ആർ. തമ്മയ്യ പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാ കാര്യങ്ങളും ജില്ലയിൽ സജ്ജമാണ്.

മംഗളൂരുവിലെ ഗവ. വെൻലോക് ആസ്പത്രിയിൽ ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് രോഗലക്ഷണം കണ്ടാൽ ഉടൻ പരിശോധന നടത്തണമെന്ന് സ്ഥാപന അധികൃതർക്ക് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here