തിരുവന്തപുരം (www.mediavisionnews.in): വാഹനങ്ങളുടെ നമ്പർ പ്‌ളേറ്റിൽ നമ്പറിനു സമാനമായ ചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക നിങ്ങളെ കാത്ത് റോഡിൽ പൊലീസുണ്ട്, ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർ പിടിക്കപ്പെട്ടാൽ രണ്ടായിരം മുതൽ 5000 രൂപ വരെ പിഴ ഈടാക്കും.
നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയിൽ നമ്പർ എഴുതണം. മോട്ടോർ കാർ, ടാക്സി കാർ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പർ മതി. മറ്റ് വാഹനങ്ങൾക്ക് മുൻവശത്തെ നമ്പർ ഒറ്റവരിയായി എഴുതാമെന്നും പൊലീസ് ഫേസ്ബുക്ക്‌പോസ്റ്റിൽ കുറിക്കുന്നു.
നമ്പർ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പർപ്ലേറ്റിൽ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പർപ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്.നിയമം ലംഘിച്ചാൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങൾക്ക് മൂവായിരം, മീഡിയം വാഹനങ്ങൾക്ക് നാലായിരം, ഹെവി വാഹനങ്ങൾക്ക് 5000 എന്നിങ്ങനെയാണ് പിഴ.