ദോഹ: ഖത്തറിലെയും യുഎഇയിലെയും പ്രവാസികൾക്ക് ആശ്വാസമായി രണ്ട് വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് സർവീസ് തുടങ്ങി. ഇന്ത്യൻ എയർലൈൻ കമ്പനിയായ വിസ്താര ദോഹ – മുംബൈ റൂട്ടിലാണ് സർവീസുകൾ തുടങ്ങിയത്. ദോഹ – മുംബൈ റൂട്ടിൽ ആഴ്ചയിൽ നാല് സർവീസുകളാണുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ആണ് യുഎഇയിൽ നിന്ന് പുതിയ സർവീസ് ആരംഭിച്ചത്. ദുബൈ – സൂറത്ത്, ഷാർജ – സൂറത്ത് റൂട്ടിലാണ് പുതിയ വിമാന സർവീസ്.
സൂറത്ത് വിമാനത്താവളത്തിന് രാജ്യാന്തര പദവി നൽകിയതിനു പിന്നാലെയാണ് ഇവിടേക്ക് ദുബൈയിൽ നിന്നുള്ള സർവീസ് ആരംഭിച്ചത്. സൂറത്തിൽ നിന്ന് 171 യാത്രക്കാരുമായി ആദ്യ വിമാനം ഇന്നലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. പ്രതിവാരം ദുബൈയിലേക്ക് നാല് സർവീസും ഷാർജയിലേക്ക് അഞ്ച് സർവീസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ദോഹയിൽ നിന്ന് മുംബൈയിലേക്കും തിരിച്ചും വിസ്താര എയർലൈൻസ് സർവീസ് നടത്തുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ് റൂട്ടിൽ തിരക്കേറിയതോടെയാണ് വിസ്താര കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. നിലവിൽ അബുദാബി, ദമാം, ദുബൈ, ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിസ്താരയ്ക്ക് നേരിട്ട് സർവീസുണ്ട്. ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈനും ഒന്നിച്ചു ചേർന്നുള്ള കമ്പനിയാണ് വിസ്താര.