റിയാദ്: സഊദി അറേബ്യയില്‍ വിമാന ടിക്കറ്റെടുക്കാനുള്ള പണം ഒരുമിച്ച് നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇനി മുതല്‍ ഗഡുക്കളായി അടയ്ക്കാം. സഊദിയിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് ആണ് പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ തവണ വ്യവസ്ഥയില്‍ ലഭിക്കും.
ഇതിനായി ഫ്ളൈ നാസും സഊദിയിലെയും ഗള്‍ഫ് മേഖലയിലെയും മുന്‍നിര ഷോപ്പിങ്, പെയ്മെന്റ് ഫിന്‍ടെക് പ്ലാറ്റ്ഫോം ആയ തമാറയും പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു. ഫ്ളൈ നാസ് ഡിജിറ്റല്‍ സെയില്‍സ്, ലോയല്‍റ്റി വൈസ് പ്രസിഡന്റ് അലി ജാസിമും തമാറ കമ്പനി സ്ഥാപക പാര്‍ട്ണറും ഡയറക്ടര്‍ ജനറലുമായ തുര്‍ക്കി താരിഖ് ബിന്‍ സര്‍അയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
വിമാന ടിക്കറ്റിന്റെ തുക നാലു മാസം കൊണ്ട് പ്രതിമാസ തവണകളായി അടച്ചുതീര്‍ത്താല്‍ മതി. ഫ്ളൈ നാസ് വെബ്സൈറ്റും ആപ്പും വഴി പുതിയ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പെയ്മെന്റ് ഓപ്ഷനുകള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാന്‍ ഫ്‌ളൈ നാസിന് പദ്ധതിയുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനും ഇതിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാനും ഫ്ളൈ നാസ് ശ്രമിച്ചുവരികയാണ്. വ്യോമയാന രംഗത്തെ മുന്‍നിര സ്ഥാനം കൈവരിക്കാനുള്ള പ്രതിബദ്ധതയാണ് കരാര്‍ പ്രതിഫലിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ളൈ നാസ്.