മഞ്ചേശ്വരം : പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് അംഗമായിരുന്ന മുസ്‍ലിം ലീഗിലെ സിയാസുന്നീസയുടെ രാജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി. സിയാസുന്നീസയെ മുൻകാല പ്രാബല്യത്തോടെ പഞ്ചായത്ത് അംഗമായി തുടരുന്നതിന് കമ്മിഷൻ അനുമതി നൽകി.
ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് തനിക്ക് രാജിക്കത്തിൽ ഒപ്പിടേണ്ടി വന്നതെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ സിയാസുന്നീസ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. സെപ്റ്റംബർ 18-നാണ് സിയാസുന്നീസ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രാജിക്കത്ത് രജിസ്റ്റേഡ് തപാൽ വഴി പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചത്. പാർട്ടി നേതൃത്വമറിയാതെ അംഗത്വം രാജിവെച്ചത് വിവാദമായിരുന്നു. പിന്നീട് 20-ന് രാജി പിൻവലിച്ച് കത്ത് നൽകിയെങ്കിലും സെക്രട്ടറി രാജി സ്വീകരിച്ചു. തുടർന്നാണ് സിയാസുന്നീസ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഹർജി പരിഗണിച്ച കമ്മിഷൻ രാജിവെച്ച അംഗം, പഞ്ചായത്ത് സെക്രട്ടറി, രാജി സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസറായ അധ്യാപകൻ എന്നിവരിൽനിന്ന് മൊഴിയെടുത്തു. നിർബന്ധത്തിന് വഴങ്ങിയാണ് രാജിവെച്ചതെന്നും ഭർത്താവിന്റെ സുഹൃത്താണ് കത്ത് തപാലിൽ അയച്ചതെന്നും സിയാസുന്നീസ കമ്മിഷൻ മുൻപാകെ ബോധിപ്പിച്ചു. തുടർന്നാണ് പഞ്ചായത്തംഗത്വം പുനഃസ്ഥാപിച്ച് ഉത്തരവായത്.